അർജന്റീന ആരാധകരുടെ പ്രിയപ്പെട്ട താരമാണ് എമിലിയാനോ മാർട്ടിനസ്. മൂന്നു വർഷങ്ങൾക്കു മുൻപ് താരം ടീമിലെത്തിയതിനു ശേഷം സാധ്യമായ മൂന്നു കിരീടങ്ങളും അർജന്റീന സ്വന്തമാക്കി. കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നീ മൂന്നു കിരീടങ്ങൾ അർജന്റീന സ്വന്തമാക്കുമ്പോൾ അതിൽ എമിലിയാനോ മാർട്ടിനസിന്റെ പങ്കു വളരെ വലുതായിരുന്നു.
എമിലിയാനോ മാർട്ടിനസ് ഏറ്റവുമധികം പേരെടുത്തിരിക്കുന്നത് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ പുലർത്തുന്ന ആധിപത്യത്തിലാണ്. 2021 കോപ്പ അമേരിക്ക, 2022 ലോകകപ്പ്, 2024 ലോകകപ്പ് എന്നീ ടൂർണ്ണമെന്റുകളിലായി നാല് പെനാൽറ്റി ഷൂട്ടൗട്ടുകൾ താരം നേരിട്ടപ്പോൾ അതിൽ നാലെണ്ണത്തിലും അർജന്റീനക്കായിരുന്നു വിജയം. കഴിഞ്ഞ ദിവസം പെനാൽറ്റി ഷൂട്ടൗട്ടിലെ തന്റെ മികവിനെക്കുറിച്ച് എമി സംസാരിച്ചു.
Dibu Martínez: "For me, penalties are 100% luck. You can study a lot, but not all penalties are the same. I've saved penalties that were completely the opposite of what I had studied." pic.twitter.com/jZP2td8fK3
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 13, 2024
“പെനാൽറ്റി ഷൂട്ടൗട്ടുകളിലെ മുൻതൂക്കം നൂറു ശതമാനവും ഭാഗ്യം കൊണ്ടാണ് സംഭവിക്കുന്നത്. നിങ്ങൾക്ക് അതിനെക്കുറിച്ച് പഠിക്കാൻ കഴിയും, പക്ഷെ എല്ലാ പെനാൽറ്റികളും ഒരുപോലെയായിരിക്കില്ല. ഞാൻ സേവ് ചെയ്‌തിട്ടുള്ള പെനാൽറ്റികളെല്ലാം പഠിച്ചതിന്റെ നേരെ വിപരീതമായത് ചെയ്‌തപ്പോഴാണ്.” എമിലിയാനോ മാർട്ടിനസ് കഴിഞ്ഞ ദിവസം പറഞ്ഞു.
മറ്റൊരു ഫൈനലിലേക്ക് കൂടി അർജന്റീനക്കൊപ്പം മുന്നേറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എമിലിയാനോ മാർട്ടിനസ് പറഞ്ഞു. ഇത് നാലാമത്തെ ഫൈനൽ ആണെങ്കിലും ആദ്യമായി കളിക്കുന്ന ഫൈനലിന്റെ അതേ ആവേശം ഇപ്പോഴുമുണ്ടെന്നും മത്സരത്തിനിറങ്ങാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും എമിലിയാനോ മാർട്ടിനസ് വ്യക്തമാക്കി.
ഈ കോപ്പ അമേരിക്കയിലും അർജന്റീന ആരാധകർ എമിലിയാനോ മാർട്ടിനസിനോട് വളരെയധികം കടപ്പെട്ടിരിക്കുന്നുണ്ട്. ഇക്വഡോറിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന തോൽക്കുമെന്ന് ആരാധകർ ഭയന്നിരിക്കുമ്പോഴാണ് താരം രക്ഷകനാകുന്നത്. അർജന്റീനയുടെ പ്രധാന ആത്മവിശ്വാസവും ഗോൾവലക്കു കീഴിലെ താരത്തിന്റെ സാന്നിധ്യമാണ്.