ഗില്ലിനൊരു സൂചന പോലും നൽകാത്ത ഗംഭീര നീക്കം, ഇതാണ് പെപ്രയെന്ന സ്‌ട്രൈക്കറുടെ ക്വാളിറ്റി

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയപ്പോൾ അതിനു കരുത്തു പകർന്നത് ടീമിലെ ആഫ്രിക്കൻ താരങ്ങളായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയിച്ച മത്സരത്തിൽ ആഫ്രിക്കൻ താരങ്ങളായ നോഹയും പെപ്രയുമാണ് ഗോളുകൾ നേടിയത്.

മത്സരത്തിൽ വിഷ്‌ണുവിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയെങ്കിലും അതിനു പിന്നാലെ തന്നെ നോഹ തിരിച്ചടിച്ചു. വിങ്ങിൽ നിന്നും മുന്നേറി വന്ന താരം ഗില്ലിന്റെ കാലിനടിയിലൂടെ ഒരു മിന്നൽ ഷോട്ട് തൊടുത്താണ് ടീമിന്റെ ആദ്യത്തെ ഗോൾ നേടിയത്.

അതിനു ശേഷം മത്സരം അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ പെപ്ര വിജയഗോൾ നേടി. ബോക്‌സിന്റെ അരികിൽ വെച്ച് പാസ് നൽകാൻ പോകുന്നുവെന്ന് ഏവരും പ്രതീക്ഷിച്ചു നിൽക്കെയാണ് ഒരു അപ്രതീക്ഷിത ഷോട്ട് കൊണ്ട് പേപ്ര വല കുലുക്കിയത്.

പെപ്രയുടെ മുന്നിൽ നിന്ന അൻവർ അലിയും ഗില്ലും ആ ഷോട്ട് ഒരു തരത്തിലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ബോക്‌സിനുള്ളിൽ താൻ എത്രത്തോളം അപകടകാരി ആണെന്ന് ഘാന താരം എല്ലാ അർത്ഥത്തിലും തെളിയിച്ചു.

പെപ്ര ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന അഭ്യൂഹങ്ങൾ ട്രാൻസ്‌ഫർ ജാലകത്തിൽ ശക്തമായിരുന്നു. എന്നാൽ പ്രീ സീസണിലും ഡ്യൂറൻഡ് കപ്പിലും ടീമിനായി ഗോളടിച്ചു കൂട്ടിയ താരം തനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന് ഇന്നലത്തെ മത്സരത്തിൽ കാണിച്ചു തന്നു.

Kerala BlastersKwame Peprah
Comments (0)
Add Comment