ലയണൽ മെസി വന്നതിനു ശേഷം ഗംഭീര ഫോമിലാണ് അമേരിക്കൻ ക്ലബായ ഇന്റർ മിയാമി. ലയണൽ മെസി വരുന്നതിനു മുൻപ് നടന്ന ഇരുപതിലധികം മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രം വിജയം നേടിയ ടീം മെസി എത്തിയതിനു ശേഷം നടന്ന ഏഴു മത്സരങ്ങളിലും വിജയം സ്വന്തമാക്കി. ഈ ഏഴു മത്സരങ്ങളിലും വിജയം നേടിയതോടെ ലീഗ്‌സ് കപ്പ് കിരീടവും ഇന്റർ മിയാമി സ്വന്തമാക്കി. ഇന്റർ മിയാമിയുടെ ചരിത്രത്തിൽ ആദ്യത്തെ കിരീടമാണ് ലീഗ്‌സ് കപ്പ്.
ലയണൽ മെസിയുടെ വരവ് ഇന്റർ മിയാമിക്ക് ആഘോഷരാവുകൾ സമ്മാനിച്ചപ്പോൾ അതിൽ പണി കിട്ടിയ ഒരാളാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഫിൽ നെവിൽ. മെസി വരുന്നതിനു മുൻപ് ഇന്റർ മിയാമിയുടെ പരിശീലകൻ അദ്ദേഹമായിരുന്നു. എന്നാൽ മെസി വന്നതോടെ നെവിലിനെ പുറത്താക്കി അർജന്റൈൻ പരിശീലകനായ ടാറ്റ മാർട്ടിനോയെ ഇന്റർ മിയാമി നിയമിച്ചു. മെസി വരുമെന്ന് തീർച്ചയായതോടെ തന്റെ സ്ഥാനം തെറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്.
Lionel Messi joining Inter Miami always meant the end for me as coach, admits Phil Nevillehttps://t.co/LrEz5fLsqj
— Mail Sport (@MailSport) August 18, 2023
“മെസി ക്ലബ്ബിലേക്ക് വരികയാണെങ്കിൽ ഞാൻ ഇന്റർ മിയാമിയിൽ ഉണ്ടാകില്ലെന്നൊരു തോന്നൽ എന്റെ മനസിൽ ഉണ്ടായിരുന്നു. എനിക്ക് എന്നെക്കുറിച്ച് കോൺഫിഡൻസ് ഇല്ലെന്നല്ല ഞാൻ പറഞ്ഞതിന്റെ അർഥം, ഇത് വ്യത്യസ്‌തമായ കാര്യമാണ്. ഹിഗ്വയ്‌നോ മാറ്റിയൂഡിയോ വരുന്നത് പോലെയല്ല മെസി വരുന്നത്. എനിക്ക് ദേഷ്യമോ നിരാശയോ ഒന്നും തോന്നിയില്ല. അവർ എന്നോട് വളരെ സത്യസന്ധമായാണ് പെരുമാറിയത്.” കഴിഞ്ഞ ദിവസം ഫിൽ നെവിൽ പറഞ്ഞു.
ഇന്റർ മിയാമിയുടെ മോശം ഫോം പരിഗണിക്കുമ്പോൾ ഫിൽ നെവിൽ പുറത്താക്കൽ അർഹിച്ചിരുന്നതു തന്നെയായിരുന്നു. തുടർച്ചയായ തോൽവികൾ കാരണം ടീം ലീഗിൽ അവസാന സ്ഥാനത്താണ് നിന്നിരുന്നത്. അതേസമയം താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതും ഇന്റർ മിയാമി വിട്ടതും മനോഹരമായ അനുഭവമാണെന്നാണ് ഫിൽ നെവിൽ പറയുന്നത്. നിലവിൽ കാനഡ ദേശീയ ടീമിന്റെ സഹപരിശീലകനായാണ് ഫിൽ നെവിൽ പ്രവർത്തിക്കുന്നത്.
Phil Neville Admits Messi Signing Cost His Inter Miami Job