ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം എംബാപ്പെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. പിഎസ്ജി നേതൃത്വവുമായി അകൽച്ചയുള്ളതു കൊണ്ടാണ് താരം കരാർ പുതുക്കിയതിനു പിന്നാലെ ഫ്രഞ്ച് ക്ലബ് വിടാൻ ഒരുങ്ങുന്നതെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. സമ്മറിൽ താനുമായി കരാർ പുതുക്കുമ്പോൾ പിഎസ്ജി നൽകിയ വാഗ്ദാനങ്ങളൊന്നും പിന്നീട് പാലിച്ചിട്ടില്ലെന്നതു കൊണ്ടാണ് എംബാപ്പെ ക്ലബ് നേതൃത്വവുമായി അകന്നതെന്നും മാർക്ക കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിട്ടുണ്ട്.
പിഎസ്ജിയുമായി അകലുന്ന എംബാപ്പെ ക്ലബ് വിടുകയാണെങ്കിൽ എവിടേക്കാവും ചേക്കേറുകയെന്നാണ് ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവതാരവും ഏറ്റവും മൂല്യമേറിയ താരവുമായ എംബാപ്പെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരൻ കൂടിയാണ്. അതുകൊണ്ടു തന്നെ താരത്തെ സ്വന്തമാക്കാൻ സാമ്പത്തികപരമായി കെട്ടുറപ്പുള്ള, യൂറോപ്പിലെ ഏതെങ്കിലും വമ്പൻ ക്ലബിനു മാത്രമേ കഴിയുകയുള്ളൂ. നിലവിലെ സാഹചര്യങ്ങളിൽ താരം ചേക്കേറാൻ സാധ്യതയുള്ളത് മൂന്നു ക്ലബുകളിലേക്കു മാത്രമാണ്.
എംബാപ്പെ ഒരിക്കൽ തഴഞ്ഞതാണെങ്കിലും റയൽ മാഡ്രിഡ് തന്നെയാണ് താരത്തെ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യതയുള്ള ക്ലബ്. ഇക്കഴിഞ്ഞ സമ്മറിൽ എംബാപ്പെ ഫ്രീ ഏജന്റായി റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് ഏവരും പ്രതീക്ഷിച്ചത് എങ്കിലും കരാർ പുതുക്കാനുള്ള പിഎസ്ജിയുടെ ഓഫർ സ്വീകരിക്കുകയാണ് താരം ചെയ്തത്. എന്നാൽ കരിം ബെൻസിമക്ക് പ്രായമേറിയതും പരിക്കിന്റെ ബുദ്ധിമുട്ടുകൾ വർധിച്ചതും കാരണം റയൽ മാഡ്രിഡ് യൂറോപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരത്തെ ടീമിലെത്തിക്കുന്ന കാര്യം പരിഗണിക്കുമെന്നതിൽ സംശയമില്ല.
Kylian Mbappé, not happy with Paris Saint-Germain as current situation is really tense. He wants to leave the club, as soon as possible. 🚨🔴🔵 #Mbappé
— Fabrizio Romano (@FabrizioRomano) October 11, 2022
Paris Saint-Germain feel he’s really putting pressure on the club — they have no intention to sell Mbappé in January. pic.twitter.com/tETVVxB2yy
എംബാപ്പയെ സ്വന്തമാക്കാൻ സാധ്യതയുള്ള മറ്റൊരു ക്ലബ് ലിവർപൂളാണ്. ലിവർപൂൾ പരിശീലകനായ ക്ലോപ്പിനു കീഴിൽ കളിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ താരം വെളിപ്പെടുത്തിയിട്ടുണ്ട്. സമ്മറിൽ റയൽ മാഡ്രിഡ് അല്ലെങ്കിൽ എംബാപ്പെ ചേക്കേറാൻ സാധ്യത ലിവർപൂളിലേക്കായിരുന്നു. താരത്തെ സ്വന്തമാക്കാൻ ലിവർപൂളിന് കഴിഞ്ഞാൽ അത് അവരുടെ ഈ സീസണിലെ മോശം ഫോമിന് അറുതി വരുത്തുമെന്ന കാര്യത്തിലും സംശയമില്ല. എന്നാൽ താരത്തിനായി പിഎസ്ജി ആവശ്യപ്പെടുന്ന ട്രാൻസ്ഫർ ഫീസ് നൽകാൻ ലിവർപൂൾ തയ്യാറാകുമോയെന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ.
എംബാപ്പെക്ക് നൽകേണ്ട ട്രാൻസ്ഫർ ഫീസും വേതനവും പരിഗണിക്കുമ്പോൾ താരത്തെ സ്വന്തമാക്കാൻ കഴിയുന്ന മറ്റൊരു ക്ലബ് മാഞ്ചസ്റ്റർ സിറ്റിയാണ്. പിഎസ്ജി കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറുന്ന താരത്തെ സ്വന്തമാക്കാൻ അവർ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കറായ എർലിങ് ഹാലൻഡിന്റെ സാന്നിധ്യം ഉള്ളതിനാൽ തന്നെ എംബാപ്പയെ കൂടി ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ എംബാപ്പെ ടീമിലെത്തിയാൽ മാഞ്ചസ്റ്റർ സിറ്റി ആർക്കും തടുക്കാൻ കഴിയാത്ത ക്ലബായി മാറുകയും ചെയ്യും.