ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരം നാടകീയമായ സംഭവങ്ങളോടെയാണ് അവസാനിച്ചത്. മത്സരത്തിൽ സ്വന്തം പിഴവുകൾ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി വിജയം നേടിയിരുന്നു. മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് താരമായ പ്രബീർ ദാസ് കരഞ്ഞു കൊണ്ടാണ് സ്റ്റേഡിയം വിട്ടത്. മുംബൈ സിറ്റി താരം തന്റെ അമ്മക്കെതിരെ അധിക്ഷേപങ്ങൾ നടത്തിയത് കൊണ്ടാണ് പൊട്ടിക്കരഞ്ഞതെന്നാണ് താരം പറയുന്നത്.
“ഫുട്ബോളിൽ ജയവും തോൽവിയും സാധാരണ സംഭവിക്കാറുള്ള കാര്യങ്ങൾ തന്നെയാണ്. എന്നാൽ യഥാർത്ഥ സ്പോർട്ട്സ്‌മാൻഷിപ്പ് നിലനിൽക്കേണ്ടത് അനിവാര്യമാണ്. ഫീൽഡിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്. പക്ഷെ, ഒരിക്കലും നമ്മൾ മറികടക്കാൻ പാടില്ലാത്ത ചില അതിരുകൾ അവിടെയുണ്ട്. സുഖത്തിലും ദുഖത്തിലും എനിക്കൊപ്പം നിന്ന എന്റെ അമ്മ ഇന്ന് അന്യായമായി ഒരുപാട് അധിക്ഷേപങ്ങൾക്ക് ഇരയായി.”
“എന്റെ അമ്മയുടെ ഒരുപാട് ത്യാഗങ്ങളും സഹിഷ്‌ണുതയുമാണ് ദേശീയവേദിയിൽ ഉയർന്നു വരാനും എന്റെ സ്വപ്‌നങ്ങളെ പിന്തുടരാനും സഹായിച്ചത്. എന്റെ പ്രിയപ്പെട്ടവർ ചെയ്‌ത ഈ ത്യാഗങ്ങൾ അങ്ങേയറ്റം ബഹുമാനം അർഹിക്കുന്നു. ഞാൻ കണ്ണുനീർ പൊഴിച്ചത് ടീമിന്റെ തോൽവിയിലല്ല. മറിച്ച് എന്റെ അമ്മയെ അപമാനിച്ചതു കൊണ്ടുള്ള വേദന കൊണ്ടായിരുന്നു.”
“പ്രതികൂലമായ സാഹചര്യങ്ങളിൽ ഞാൻ എളുപ്പത്തിൽ കീഴടങ്ങുകയില്ല. ഞങ്ങൾ മനസിലാക്കുകയും പൊരുതുകയും ചെയ്യുന്നു. ഞാൻ കണ്ണുനീർ പൊഴിച്ചത് എന്റെ അമ്മയോടുള്ള സ്നേഹം കൊണ്ടാണെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. എതിരാളികൾ ഞങ്ങളെ ബന്ധിപ്പിക്കുന്ന മൂല്യങ്ങൾ തിരിച്ചറിയണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. മോശം പരാമർശങ്ങൾ നിങ്ങൾക്ക് പോയിന്റുകൾ നേടിത്തന്നിരിക്കാം. പക്ഷെ അവ നിങ്ങളോടുള്ള എന്റെ ബഹുമാനം ഇല്ലാതാക്കുന്നു.”
— Prabir Das (@ImPrabirDas) October 8, 2023
“മറ്റുള്ളവരെ ഇകഴ്ത്തുന്നത് നിങ്ങൾക്ക് ആശ്വാസം നൽകുമെങ്കിലും അങ്ങിനെയാകട്ടെ. ജീവിതത്തിൽ സ്വപ്‌നങ്ങൾ പരിപോഷിപ്പിക്കാൻ കുടുംബങ്ങൾ ചെയ്യുന്ന ത്യാഗം പലരും മനസിലാക്കുന്നില്ല. പദവികളോടെ ജനിച്ചവർക്ക് മറ്റുള്ളവരുടെ പോരാട്ടങ്ങൾ ചിന്തിക്കാൻ കഴിയില്ല. ഓരോ സ്വപ്‌നത്തിനും പിന്നിൽ സ്വന്തം ആഗ്രഹങ്ങളെ ഉപേക്ഷിച്ച ഒരു കുടുംബമുണ്ടെന്ന് ഓർക്കുക.” പ്രബീർ ദാസ് കുറിച്ചു.
മത്സരത്തിന്റെ അവസാനഘട്ടങ്ങളിൽ എതിർടീമിന്റെ കളിക്കാർക്കെതിരെ റഫറിയോട് പരാതിപ്പെടുന്ന പ്രബീർ ദാസിനെ കണ്ടിരുന്നു. നിരവധിയാളുകൾ പിടിച്ചു മാറ്റാൻ ശ്രമിച്ചിട്ടും താരം പൊട്ടിത്തെറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. അതിനു പിന്നിലെ കാരണം ജീവിതത്തിന്റെ മോശം സാഹചര്യങ്ങളിൽ തനിക്കൊപ്പം നിന്ന അമ്മയെ അധിക്ഷേപിച്ചതാണെന്ന് ഇപ്പോഴാണ് വ്യക്തമാകുന്നത്. അവസാനം കരഞ്ഞു കൊണ്ടാണ് പ്രബീർ ദാസ് കളിക്കളം വിട്ടത്.
Prabir Das On Incident Against Mumbai City FC