ഫ്രഞ്ച് താരം ലോകകപ്പ് ടീമിൽ നിന്നും പുറത്ത്, പകരക്കാരനെ തീരുമാനിച്ചു; മറ്റൊരു താരം കൂടി ടീമിൽ

ഖത്തർ ലോകകപ്പിനുള്ള ഫ്രാൻസ് ടീമിൽ നിന്നും പിഎസ്‌ജി ഡിഫൻഡർ പ്രെസ്‌നൽ കിംപെംബെ പുറത്ത്. പരിക്കിൽ നിന്നും പൂർണമായും മോചിതനാവാത്തതിനെ തുടർന്നാണ് ഫ്രഞ്ച് പ്രതിരോധതാരം ലോകകപ്പ് ടീമിൽ നിന്നും ഒഴിവാകാനുള്ള തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ കിംപെംബെ കളിച്ചെങ്കിലും പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്നതിനാൽ ലോകകപ്പ് സ്‌ക്വാഡിൽ നിന്നും ഒഴിവാവുകയായിരുന്നു.

“പ്രെനെൽ കിംപെംബെ ലോകകപ്പിൽ പങ്കെടുക്കില്ല. ബ്ലൂസിന്റെ പ്രതിരോധത്തിൽ കളിക്കാൻ വേണ്ടത്ര സുഖം പ്രാപിച്ചതായി താരം കരുതുന്നില്ല. ഇന്ന് രാവിലെ കിംപെംബെയും ഫ്രഞ്ച് ടീമിന്റെ ഡോക്ടറും പരിശീലകൻ ദെഷാംപ്‌സും ചേർന്ന് സംസാരിച്ചതിന് ശേഷമാണ് ഈ തീരുമാനം എടുത്തത്.”

“ഫ്രഞ്ച് ടീമിന്റെ സ്റ്റാഫ് താരത്തിന്റെ സത്യസന്ധതയെ അഭിവാദ്യം ചെയ്യുന്നു, ശാരീരിക ബുദ്ധിമുട്ടുകളെ വേഗം മറികടക്കട്ടെയെന്ന് ആശംസിക്കുന്നു. പ്രെസ്‌നാൽ കിംപെംബെക്ക് പകരം മൊണാക്കോ താരമായ ആക്സെൽ ഡിസാസിയെ ടീമിന്റെ ഭാഗമാക്കാൻ ദെഷാംപ്‌സ് തീരുമാനിച്ചു.” ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ പ്രസ്‌താവിച്ചു.

നേരത്തെ ഇരുപത്തിയഞ്ചംഗ സ്‌ക്വാഡാണ് ഫ്രാൻസ് പ്രഖ്യാപിച്ചിരുന്നത്. അതിൽ ഒഴിവുള്ള സ്ഥാനത്തേക്കുള്ള താരത്തെയും പരിശീലകൻ തീരുമാനിച്ചിട്ടുണ്ട്. ഫ്രഞ്ച് ടീമിന്റെ ഇതിഹാസതാരമായ ലിലിയൻ തുറാമിന്റെ മകനും ജർമൻ ക്ലബ് ബൊറൂസിയ മൊൻചെൻഗ്ലാഡ്ബാഷിന്റെ മുന്നേറ്റനിരതാരവുമായ മാർക്കസ് തുറാമാണ്‌ ടീമിലുൾപ്പെട്ട അവസാനത്തെ താരം.

FrancePresnel KimpembeQatar World Cup
Comments (0)
Add Comment