ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഏവരും പ്രതീക്ഷിച്ച താരമായിരുന്നു പ്രീതം കോട്ടാൽ. മോഹൻ ബഗാനിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ച താരത്തിന് പകരം ദീപക്, അഭിഷേക് എന്നിവരിലൊരാളെ നൽകണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം കൊണ്ടാണ് ആ ട്രാൻസ്‌ഫർ നടക്കാതിരുന്നത്.
കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ പ്രീതം കോട്ടാലിനെതിരെ ആരാധകരുടെ വിമർശനം ഉണ്ടായിരുന്നത് താരത്തിന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളിൽ ഒന്നായിരുന്നു. ടീമിൽ തുടരുമെന്ന് ഉറപ്പായതോടെ ഈ വിമർശനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നാണ് പ്രീതം കോട്ടാൽ പറഞ്ഞത്.
പറഞ്ഞത് പോലെ തന്നെ പ്രവർത്തിക്കുന്ന പ്രീതം തുടർച്ചയായ മൂന്നാം ഐഎസ്എൽ മത്സരത്തിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനായി നടത്തിയത്. ഇന്നലെ ആദ്യപകുതിയിൽ തുടർച്ചയായ ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്‌സിനെ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് വലച്ചപ്പോൾ പ്രതിരോധത്തിൽ പ്രീതമാണ് കരുത്ത് കാണിച്ചത്.
ഇന്നലെ രണ്ടു ഹെഡഡ് ക്ലിയറൻസുകൾ അടക്കം അഞ്ചു ക്ലിയറൻസ് നടത്തിയ പ്രീതം രണ്ടു ബ്ലോക്കും നാല് ഇന്റർസെപ്‌ഷനും മൂന്നു റിക്കവറികളും നടത്തി. ഇതിനു പുറമെ ഒരു ടാക്കിളും ഒരു ലൈൻ ക്ലിയറൻസും ഫൈനൽ തേർഡിലേക്ക് മൂന്നു പാസുകളും ഏഴു ലോങ്ങ് പാസുകളും താരം നൽകി.
കഴിഞ്ഞ സീസണിലെ പോരായ്‌മകൾ കഴുകിക്കളയുന്ന പ്രകടനമാണ് പ്രീതം കോട്ടാൽ ഈ സീസണിൽ നടത്തുന്നത്. മൈക്കൽ സ്റ്റാറെയുടെ പദ്ധതികളോട് ഇണങ്ങിച്ചേരാൻ താരത്തിന് കഴിയുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളെ കൂടുതൽ ശക്തമാക്കുന്നുണ്ട്.