മെസിയെ പിഎസ്‌ജി മനഃപൂർവം കുരുക്കിയത്, കൂടുതൽ വിവരങ്ങൾ പുറത്ത് | Lionel Messi

കരിയറിൽ ആദ്യമായാണ് ലയണൽ മെസിക്ക് സസ്‌പെൻഷൻ ലഭിക്കുന്നുണ്ടാവുക. പിഎസ്‌ജിയുടെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്‌തതിനെ തുടർന്ന് രണ്ടാഴ്‌ചത്തേക്കാണ് ലയണൽ മെസിയെ സസ്‌പെൻഡ് ചെയ്‌തത്‌. ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും ഫ്രഞ്ച് മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. മെസിക്ക് പരിശീലനം നടത്താൻ പോലും അനുമതിയുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം ലയണൽ മെസിക്കെതിരായ നടപടി ആസൂത്രിതമായ ഒന്നാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. മെസി സൗദി ടൂറിസത്തിന്റെ അംബാസിഡറായി നിൽക്കുന്നതിനാൽ തന്നെ താരത്തിന്റെ കരാറിൽ ഇതുപോലെയുള്ള പ്രമോഷൻ പരിപാടികൾക്ക് അനുമതി നൽകണമെന്ന ഉടമ്പടിയുണ്ട്. ലയണൽ മെസി സൗദിയിൽ പോകാൻ അനുമതി ആവശ്യപ്പെട്ടപ്പോൾ ആദ്യം സമ്മതം നൽകിയ പിഎസ്‌ജി പിന്നീട് അതിൽ നിന്നും പുറകോട്ടു പോയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഡിയാരിയോ ഒലെയുടെ റിപ്പോർട്ടുകൾ പ്രകാരം തനിക്ക് സൗദി സന്ദർശിക്കേണ്ടത് മെസി പിഎസ്‌ജിയെ അറിയിച്ചിരുന്നു. ഇതിനോട് അനുകൂലമായാണ് പിഎസ്‌ജി പ്രതികരിച്ചത്. എന്നാൽ മെസി വിമാനത്തിൽ കയറിയതോടെ പിഎസ്‌ജി അവരുടെ പദ്ധതികളിൽ മാറ്റം വരുത്തി. നേരത്തെ താരങ്ങൾക്ക് അവധി ദിവസങ്ങൾ നൽകാൻ തീരുമാനിച്ച അവർ വളരെ പെട്ടന്ന് സ്‌ക്വാഡിനോട് അടുത്ത ദിവസങ്ങളിൽ പരിശീലനം ഉണ്ടെന്ന് അറിയിക്കുകയായിരുന്നു.

ലയണൽ മെസി സൗദിയിലേക്ക് പോകണമെന്ന തീരുമാനം എടുത്തതിനു ശേഷമാണ് പിഎസ്‌ജി പരിശീലന സെഷൻ തീരുമാനിച്ചതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പിഎസ്‌ജി വിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ തേടുന്ന മെസിയെ അപമാനിക്കാനോ കുരുക്കിലാക്കാനോ ഉള്ള പദ്ധതിയാണ് പിഎസ്‌ജി നേതൃത്വം ആവിഷ്‌കരിച്ചത്. ഇതോടെ അർജന്റീന താരം ഈ സീസണിന് ശേഷം എന്തായാലും പിഎസ്‌ജിയിൽ തുടരില്ലെന്ന് ഉറപ്പായിട്ടുണ്ട്.

PSG Suddenly Changed Their Plans To Trap Lionel Messi

Lionel MessiPSG
Comments (0)
Add Comment