യൂറോപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിരയാണ് പിഎസ്ജിക്ക് സ്വന്തമായുള്ളത്. 2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസിയെ സ്വന്തമാക്കിയതോടെ ഏതൊരു ടീമും ഭയപ്പെടുന്ന തലത്തിലേക്ക് അത് മാറി. സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായ ലയണൽ മെസി, നെയ്മർ, എംബാപ്പെ തുടങ്ങിയ താരങ്ങൾ മുന്നേറ്റനിരയിൽ കളിക്കുമ്പോൾ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന് തന്നെയാണ് പിഎസ്ജി കരുതിയത്.
എന്നാൽ കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് അപ്രതീക്ഷിതമായ രീതിയിലാണ് റയൽ മാഡ്രിഡിനോട് തോൽവി വഴങ്ങി പുറത്താകേണ്ടി വന്നത്. ഈ സീസണിൽ ലോകകപ്പ് വരെ മിന്നുന്ന പ്രകടനം നടത്തിയ നെയ്മർ, മെസി, എംബാപ്പെ തുടങ്ങിയ താരങ്ങളുടെ പിൻബലത്തിൽ വിജയം നേടാമെന്നു കരുതിയെങ്കിലും പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിന്റെ വെല്ലുവിളിയാണ് പിഎസ്ജിയുടെ കിരീടമോഹങ്ങൾക്ക് ഭീഷണിയായി നിൽക്കുന്നത്.
അതിനു പുറമെ സൂപ്പർതാരം എംബാപ്പെ ബയേൺ മ്യൂണിക്കിനെതിരെ നടന്ന മത്സരത്തിനുള്ള സ്ക്വാഡിൽ നിന്നും പുറത്തു പോവുകയും ചെയ്തു. കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. തുടയ്ക്ക് പരിക്കേറ്റ താരത്തിന് ബയേണിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ആദ്യപാദ മത്സരം വരെ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെ മറ്റൊരു മുന്നേറ്റനിര താരമായ നെയ്മറുടെ പരിക്കും സ്ഥിരീകരിച്ചിട്ടുണ്ട്.
🚨🚨| Following an annoyment to the adductor, Neymar continues his care and individual training. He will resume the collective sessions early next week, announces PSG. He will therefore MISS tomorrow’s game. 🇧🇷⏳ pic.twitter.com/rMmCOTBrqF
— PSG Report (@PSG_Report) February 3, 2023
നെയ്മർക്ക് പക്ഷെ ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാകില്ല. ടുളൂസിനെതിരെ അടുത്ത് നടക്കുന്ന ഫ്രഞ്ച് ലീഗ് മത്സരം നഷ്ടമാകുമെന്നാണ് പിഎസ്ജി സ്ഥിരീകരിച്ചത്. ബയേണിനെതിരായ മത്സരത്തിനു മുൻപ് തന്നെ താരം പരിക്കിൽ നിന്നും മുക്തനാവും. അതേസമയം പിഎസ്ജിയെ സംബന്ധിച്ച് മറ്റൊരു തിരിച്ചടി കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റാമോസിന്റെ കാര്യത്തിലാണ്. താരത്തിന്റെ പരിശോധനകൾ കഴിഞ്ഞതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമാവുകയുള്ളൂ.