റീംസിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ടീമിനായി മോശം പ്രകടനമാണ് ലയണൽ മെസി നടത്തിയത്. ഒരു ഗോളിന് മുന്നിൽ നിന്നിട്ടും അവസാന മിനുട്ടിൽ വഴങ്ങിയ ഗോളിൽ പിഎസ്ജി സമനില വഴങ്ങി. മത്സരത്തിൽ ഒരു സുവർണാവസരം മെസി നഷ്ടമാക്കുകയും ചെയ്തു. ലോകകപ്പിനു ശേഷം ലയണൽ മെസിയുടെ പ്രകടനം കുത്തനെ താഴേക്ക് പോയെന്ന വിമർശനം അതിനു ശേഷം ആരാധകർ നടത്തിയിരുന്നു. മുന്നേറ്റനിരയിൽ പുതിയ താരം വേണമെന്ന് പരിശീലകനും പറയുകയുണ്ടായി.
ഇപ്പോൾ ലയണൽ മെസിയുടെ പൊസിഷനിലേക്ക് മറ്റൊരു താരത്തെ എത്തിക്കാനുള്ള ശ്രമം പിഎസ്ജി നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചെൽസിയുടെ മൊറോക്കൻ താരമായ ഹക്കിം സിയച്ചിനെയാണ് പിഎസ്ജി സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറാൻ മൊറോക്കൻ താരം സമ്മതം മൂളിയിട്ടുണ്ട്.
ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്ത ടീമിലെ പ്രധാന താരമായ സിയച്ച് കഴിഞ്ഞ ലോകകപ്പിൽ ചരിത്രം കുറിച്ച മൊറോക്കൻ ടീമിന് വേണ്ടിയും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ചെൽസിയിൽ താരമിപ്പോൾ ടീമിലെ സ്ഥിരസാന്നിധ്യമല്ല. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ നിരവധി പുതിയ താരങ്ങളെ എത്തിച്ച് വലിയ അഴിച്ചുപണി നടത്തുന്ന ചെൽസിയിൽ ഇനിയും അവസരങ്ങൾ കുറയുമെന്നതു കൊണ്ടാണ് സിയച്ച് ക്ലബ് വിടാൻ തയ്യാറെടുക്കുന്നത്.
🚨 Hakim Ziyech has given the green light on the move to PSG. He wants to go. ✅
— Transfer News Live (@DeadlineDayLive) January 30, 2023
(Source: @FabrizioRomano) pic.twitter.com/KdEzi6Qq2q
മിഡ്ഫീൽഡിലും വിങ്ങിലും കളിക്കാൻ കഴിയുന്ന ഇടംകാലനായ ഹക്കിം സിയച്ച് ടീമിലെത്തുന്നത് ലയണൽ മെസിക്ക് ചെറിയൊരു വെല്ലുവിളിയാണ്. പിഎസ്ജി മുന്നേറ്റനിരയിലെ താരങ്ങൾ പ്രതിരോധത്തെ സഹായിക്കുന്നില്ലെന്നത് കുറച്ചു നാളുകളായി ഉയരുന്ന വിമർശനമാണ്. ഈ സാഹചര്യത്തിൽ ലോകകപ്പിൽ മൊറോക്കൊക്കൊപ്പം പ്രതിരോധത്തെ സഹായിച്ച് കളിച്ചിരുന്ന സിയച്ച് എത്തിയാൽ അത് ലയണൽ മെസിയുടെ സ്ഥാനത്തെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.