സ്പാനിഷ് ക്ലബായ ബാഴ്സലോണയും ഫ്രഞ്ച് ക്ലബായ പിഎസ്ജിയും തമ്മിൽ വളരെക്കാലമായി ശീതസമരം തുടങ്ങിയിട്ട്. മാർകോ വെറാറ്റിയെ ബാഴ്സലോണ സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ വിട്ടുകൊടുക്കാതിരുന്ന പിഎസ്ജി അതിനോടു പ്രതികരിച്ചത് നെയ്മറെ ലോകറെക്കോർഡ് തുക റിലീസിംഗ് ക്ലോസായി നൽകി പിഎസ്ജിയിൽ എത്തിച്ചായിരുന്നു. അതിനു ശേഷമിന്നു വരെ ബാഴ്സലോണയും പിഎസ്ജിയും തമ്മിൽ പല വിഷയങ്ങളിൽ അസ്വാരസ്യങ്ങൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.
പിഎസ്ജി ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ തെറ്റിക്കുന്നതിനെ കുറിച്ചും വേതനബില്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്ലാതെ വമ്പൻ താരങ്ങളെ ടീമിൽ എത്തിക്കുന്നതിനെ കുറിച്ചും ബാഴ്സലോണ നേതൃത്വം പലപ്പോഴും വിമർശനങ്ങൾ നടത്തിയിരുന്നു. അടുത്തിടെ പിഎസ്ജി പ്രസിഡന്റായ നാസർ അൽ ഖലൈഫി കാറ്റലൻ ക്ലബിനെതിരെയും ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബാഴ്സലോണ നടത്തിയ ഇക്കണോമിക് ലെവേർസ് നിയമപരമല്ലെന്ന വിമർശനമാണ് അദ്ദേഹം നടത്തിയത്.
ബാഴ്സലോണയോട് പിഎസ്ജിക്കുള്ള അസംതൃപ്തി പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണെന്നാണ് കാറ്റലൻ മാധ്യമമായ സ്പോർട്ട് പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്സലോണയെ കാറ്റലൂണിയയിൽ രണ്ടാമതാക്കാൻ വേണ്ടി എതിരാളികളായ എസ്പാന്യോൾ ക്ലബ്ബിനെ വാങ്ങാനുള്ള നീക്കങ്ങൾ പിഎസ്ജി ഉടമകൾ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. എസ്പാന്യോളിനെ വാങ്ങി കൂടുതൽ നിക്ഷേപം നടത്തി അവരെ യൂറോപ്പിലെ മികച്ച ക്ലബുകളിൽ ഒന്നാക്കി ബാഴ്സയെ വെല്ലുവിളിക്കാനുള്ള പദ്ധതിയാണ് അവർ ആവിഷ്കരിക്കുന്നത്.
PSG owner Tamim bin Hamad Al Thani wants to buy La Liga club Espanyol to "harm" Barcelona and "to create a team that overshadows" the club.
— Footy Accumulators (@FootyAccums) September 29, 2022
[Sport]
Imagine having enough money to casually buy another club just to get one over on someone 😭 pic.twitter.com/KyHb0aw7At
നിലവിൽ ചൈനീസ് കമ്പനിയായ റസ്റ്റർ ഗ്രൂപ്പാണ് എസ്പാന്യോൾ ക്ലബിന്റെ ഉടമകൾ. എന്നാൽ അവരുടെ കീഴിൽ വളരെ മോശം പ്രകടനമാണ് അവർ നടത്തുന്നത്. അതിനു പുറമെ ക്ലബിന്റെ നടത്തിപ്പും മോശമാണ്. എസ്പാന്യോളിനെ വാങ്ങാൻ ഇതൊരു മികച്ച അവസരമായാണ് പിഎസ്ജി ഉടമകൾ കരുതുന്നത്. ഖത്തർ അമീർ എസ്പാന്യോളിനെ വാങ്ങിയാൽ ക്ലബ്ബിലേക്ക് വലിയ തോതിൽ പണമൊഴുകുമെന്നതിൽ സംശയമില്ല. ഇത് ബാഴ്സലോണക്ക് മാത്രമല്ല, സ്പെയിനിൽ ആധിപത്യം പുലർത്തുന്ന റയൽ മാഡ്രിഡിനും തിരിച്ചടി നൽകും.
പിഎസ്ജി പ്രസിഡന്റായ നാസർ അൽ ഖലൈഫി എസ്പാന്യോളിനെ വാങ്ങാനുള്ള ചർച്ചകൾ ആരംഭിക്കാൻ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ജൂണിൽ തന്നെ ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും വരുന്ന മാസങ്ങളിൽ രണ്ടു കക്ഷികളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കാൻ വലിയ സാധ്യതയുണ്ട്. നിലവിൽ ലാ ലീഗയിൽ പതിനേഴാം സ്ഥാനത്തുള്ള ക്ലബാണ് എസ്പാന്യോൾ.