ഫ്രഞ്ച് ലീഗ് കിരീടത്തിനായി പൊരുതുന്ന പിഎസ്‌ജി കഴിഞ്ഞ മത്സരത്തിൽ സ്വന്തം മൈതാനത്ത് ഞെട്ടിക്കുന്ന തോൽവിയാണു വഴങ്ങിയത്. ലോറിയന്റാണ് ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ച് പിഎസ്‌ജിയെ കീഴടക്കിയത്. ഇപ്പോഴും ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിലും ടീമിന്റെ മോശം പ്രകടനം ആരാധകരെ നിരാശപ്പെടുത്തുന്നു.
ലോറിയന്റിനെതിരായ തോൽവിക്ക് ശേഷം ലയണൽ മെസി ഉടനെ തന്നെ ഫ്രാൻസ് വിടുകയുണ്ടായി. സൗദി അറേബ്യയുടെ ടൂറിസം അംബാസിഡറായ മെസി അതിന്റെ ഭാഗമായി മിഡിൽ ഈസ്റ്റ് രാജ്യം സന്ദർശിച്ച് പ്രൊമോഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. എന്നാൽ ഇക്കാര്യത്തിൽ പിഎസ്‌ജിയിൽ പലരും അതൃപ്‌തരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Messi flies to Saudi Arabia and misses PSG training.https://t.co/B4YAfIOkOp
— AS USA (@English_AS) May 2, 2023
ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ക്ലബിൽ നിന്നും അനുവാദം ലഭിച്ചിട്ടല്ല ലയണൽ മെസി സൗദി അറേബ്യയിലേക്ക് പോയത്. താരം സൗദിയിലേക്ക് പോകുമെന്നതിനെ കുറിച്ച് പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയാർ, സ്പോർട്ടിങ് ഡയറക്റ്റർ ലൂയിസ് ഒകാമ്പോസ് എന്നിവർക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പിഎസ്‌ജി ഡ്രസിങ് റൂമിലെ താരങ്ങളും ലയണൽ മെസിയുടെ സൗദി സന്ദർശനത്തിൽ ആശ്ചര്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പല താരങ്ങളും പരിശീലനത്തിനു വേണ്ടി എത്തിയപ്പോഴാണ് മെസി അനുമതിയില്ലാതെ സൗദിയിലേക്ക് പോയ കാര്യം അറിയുന്നത്. ലോകകപ്പിന് ശേഷം മെസി ഇടയ്ക്കിടെ കുടുംബവുമായി അവധി ദിവസങ്ങൾ ആസ്വദിക്കുന്നതിൽ അതൃപ്‌തി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ലയണൽ മെസി ഈ സീസണിന് ശേഷം പിഎസ്‌ജിയിൽ തുടരുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. താരത്തെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ട്. അതിനിടയിൽ തോൽവിക്ക് പിന്നാലെ ലയണൽ മെസി സൗദി സന്ദർശനം നടത്തിയത് ക്ലബിലും ആരാധകരിലും പ്രതിഷേധം ഉണ്ടാക്കിയേക്കും.
PSG Players Shocked By Lionel Messi Trip To Saudi Arabia