കിലിയൻ എംബാപ്പെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പിഎസ്ജി നേതൃത്വവുമായുള്ള പ്രശ്നങ്ങൾ കാരണമാണ് സമ്മറിൽ കരാർ പുതുക്കിയ ഫ്രഞ്ച് താരം ക്ലബ് വിടാൻ തയ്യാറെടുക്കുന്നത്. കരാർ പുതുക്കുമ്പോൾ പിഎസ്ജി അംഗീകരിച്ച ഡിമാൻഡുകളൊന്നും അവർ കൃത്യമായി നടപ്പിലാക്കിയില്ലെന്നതും ടീമിൽ തന്റെ പ്രാധാന്യം കുറഞ്ഞു വരുന്നതുമാണ് എംബാപ്പെ ക്ലബ് വിടാനുള്ള തീരുമാനമെടുക്കാൻ പ്രധാന കാരണങ്ങൾ.
അതേസമയം ഈ സമ്മറിൽ ക്ലബുമായി പുതിയ കരാറൊപ്പിട്ട കിലിയൻ എംബാപ്പെ ടീം വിടാൻ തീരുമാനിക്കുകയാണെങ്കിൽ അത്ര എളുപ്പത്തിൽ മറ്റൊരു ക്ലബിനും താരത്തെ സ്വന്തമാക്കാൻ കഴിയില്ല. പിഎസ്ജി താരത്തിനായി ആവശ്യപ്പെടുന്ന ട്രാൻസ്ഫർ ഫീസ് തന്നെയാണ് അതിനു കാരണം. ഇംഗ്ലീഷ് മാധ്യമമായ ദി ടെലിഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിമൂന്നു വയസുള്ള ഫ്രഞ്ച് താരത്തെ സ്വന്തമാക്കേണ്ട ക്ളബുകൾ 300 മുതൽ 400 മില്യൺ യൂറോ നൽകണമെന്നാണ് പിഎസ്ജിയുടെ ആവശ്യം.
ഇത്രയും വലിയ തുക പിഎസ്ജി എംബാപ്പെയുടെ ട്രാൻസ്ഫർ ഫീസായി നൽകണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ മറ്റു ക്ലബുകൾ താരത്തെ സ്വന്തമാക്കുന്നത് തടയുക എന്ന ഉദ്ദേശം തന്നെയാണ് പിഎസ്ജിയുടെ മുന്നിലുള്ളത്. ഇപ്പോൾ തന്നെ പുതിയ കരാർ പ്രകാരം ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമാണ് ഫ്രഞ്ച് മുന്നേറ്റനിര താരം. അതിനൊപ്പം ട്രാൻസ്ഫർ ഫീസായി ഇത്രയും വലിയ തുക കൂടി നൽകാൻ ക്ലബുകൾ തയ്യാറാവില്ല.
PSG are asking for €400M to sell Kylian Mbappé this January.
— Footy Accumulators (@FootyAccums) October 12, 2022
[Santi Aouna]
Not sure he'll be too happy with that transfer fee! 😂 pic.twitter.com/5wUsyG255Z
എംബാപ്പെക്കായി സജീവമായി രംഗത്തുണ്ടായിരുന്ന ക്ലബ് റയൽ മാഡ്രിഡാണ്. 2021 സമ്മറിൽ ഒരു വർഷത്തെ കരാർ മാത്രം ബാക്കിയുണ്ടായിരുന്ന താരത്തിനായി ഇരുനൂറു മില്യൺ യൂറോ വരെ റയൽ മാഡ്രിഡ് വാഗ്ദാനം ചെയ്തപ്പോൾ ഫ്രഞ്ച് താരത്തിന് ട്രാൻസ്ഫറിൽ താൽപര്യവുമുണ്ടായിരുന്നു. എന്നാൽ പിഎസ്ജി താരത്തെ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിൽ നിന്നു. തുടർന്ന് കരാർ അവസാനിച്ച് ഫ്രഞ്ച് താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും നീണ്ട ചർച്ചകൾക്കൊടുവിൽ താരത്തിന്റെ കരാർ പുതുക്കുന്നതിൽ പിഎസ്ജി വിജയിക്കുകയായിരുന്നു.
അതേസമയം റയൽ മാഡ്രിഡിലേക്ക് എംബാപ്പെ ചേക്കേറുന്നതു തടയാൻ പിഎസ്ജി ഇനിയും ശ്രമം നടത്തുമെന്നു തന്നെയാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ പറയുന്നത്. ജനുവരിയിൽ താരത്തിനു ക്ലബ് വിടണമെങ്കിൽ അതിനു പിഎസ്ജി അനുവാദം നൽകാൻ തയ്യാറാണെങ്കിലും റയൽ മാഡ്രിഡിന്റെ ഓഫർ അവർ പരിഗണിക്കില്ലെന്ന് മാർക്ക കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തിരുന്നു. പിഎസ്ജിയും റയൽ മാഡ്രിഡും തമ്മിൽ യൂറോപ്യൻ ഫുട്ബോളിൽ നടന്നു കൊണ്ടിരിക്കുന്ന വടംവലികൾ കൃത്യമായി ഇതു വെളിപ്പെടുത്തുന്നു.