സൗദി അറേബ്യയിൽ പിഎസ്‌ജിയും റിയാദ് ബെസ്റ്റ് ഇലവനും തമ്മിൽ നടന്ന മത്സരത്തിൽ വിജയം നേടി പിഎസ്‌ജി. ഗോൾമഴ പെയ്‌ത മത്സരത്തിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് പിഎസ്‌ജി വിജയിച്ചത്. ലയണൽ മെസി, എംബാപ്പെ, റാമോസ്, മാർകിന്യോസ്, എകിറ്റിക്കെ തുടങ്ങിയ താരങ്ങൾ പിഎസ്‌ജിക്കായി ഗോൾ നേടിയപ്പോൾ സൗദിയിലെ ആദ്യ മത്സരത്തിൽ റൊണാൾഡോ രണ്ടു തവണ വലകുലുക്കി. സൂ ജാങ്, ടലിസ്‌ക എന്നിവരാണ് പിഎസ്‌ജിയുടെമറ്റു ഗോളുകൾ നേടിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പിഎസ്‌ജി മുന്നിലെത്തി. നെയ്‌മറുടെ പാസിൽ നിന്നും മനോഹരമായ ഒരു ഫിനിഷിംഗിലൂടെ മെസിയാണ് ടീമിനെ മുന്നിലെത്തിച്ചത്. അതിനു ശേഷം പിഎസ്‌ജിയാണ് ആധിപത്യം സ്ഥാപിച്ചതെങ്കിലും ചില മുന്നേറ്റങ്ങൾ റിയാദ് ടീമിന്റെ ഭാഗത്തു നിന്നുമുണ്ടായി. മുപ്പത്തിനാലാം മിനുട്ടിൽ റൊണാൾഡോ റിയാദ് ടീമിനെ ഒപ്പമെത്തിച്ചു. നവാസ് റൊണാൾഡൊക്കെതിരെ നടത്തിയ ഫൗളിന് റഫറി വിധിച്ച പെനാൽറ്റിയിൽ നിന്നാണ് ഗോൾ പിറന്നത്.
മുപ്പത്തിയൊമ്പതാം മിനുട്ടിൽ ഒരു ഫൗൾ നടത്തിയതിനു യുവാൻ ബെർനറ്റിനു ചുവപ്പുകാർഡ് ലഭിച്ചതോടെ റിയാദ് ടീം പിടിമുറുക്കുമെന്ന് തോന്നിച്ചെങ്കിലും മറിച്ചാണ് സംഭവിച്ചത്. അതിനു പിന്നാലെ മാർക്വിന്യോസ് ലീഡ് ഉയർത്തുകയും അതിനു ശേഷം പിഎസ്‌ജിക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയും ചെയ്‌തു. എന്നാൽ മൂന്നാമത്തെ ഗോൾ നേടാൻ ലഭിച്ച അവസരം നെയ്‌മർ നഷ്‌ടപ്പെടുത്തി. താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ അനായാസം കയ്യിലൊതുക്കി.
ആദ്യപകുതി പിരിയും മുൻപ് റിയാദ് ടീം വീണ്ടും ഒപ്പമെത്തി. റൊണാൾഡോയുടെ ഹെഡർ പോസ്റ്റിലിടിച്ച് തിരിച്ചു വന്നത് താരം തന്നെ വീണ്ടും വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ എംബാപ്പയുടെ പാസിൽ നിന്നും സെർജിയോ റാമോസ് വല കുലുക്കി പിഎസ്‌ജി വീണ്ടും മുന്നിലെത്തിയെങ്കിലും കൊറിയൻ പ്രതിരോധതാരം സൂ ജാങ് മികച്ചൊരു ഹെഡറിലൂടെ റിയാദ് ടീമിനെ വീണ്ടും ഒപ്പമെത്തിച്ചു.
PSG AND RIYADH ALL-STAR'S PUT ON A SHOW IN SAUDI ARABIA ✨ pic.twitter.com/opulpgQE1p
— ESPN FC (@ESPNFC) January 19, 2023
ആ ഗോളിന് മറുപടി നൽകി വീണ്ടും മുന്നിലെത്താൻ പിഎസ്‌ജിക്ക് മിനുട്ടുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. മെസിയുടെ ഷോട്ട് കൈയ്യിൽ കൊണ്ടതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പയാണ് ടീമിന്റെ നാലാം ഗോൾ നേടിയത്. അതിനു പിന്നാലെ റൊണാൾഡോ, നെയ്‌മർ, എംബാപ്പെ, മെസി തുടങ്ങിയ താരങ്ങളെല്ലാം പിൻവലിക്കപ്പെട്ടു.
പ്രധാനതാരങ്ങൾ പിൻവലിക്കപ്പെട്ടിട്ടും പത്തു പേരായി ചുരുങ്ങിയിട്ടും മത്സരത്തിൽ പിഎസ്‌ജിക്ക് ആധിപത്യം ഉണ്ടായിരുന്നു. എഴുപത്തിയെട്ടാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ എകിറ്റെകെ കൂടി ഗോൾ നേടിയതോടെ പിഎസ്‌ജി വിജയം ഉറപ്പിച്ചു. അവസാന മിനുട്ടിൽ ടലിസ്‌ക റിയാദ് ടീമിനായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും അതിനു പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങിയതിനാൽ തിരിച്ചു വരാൻ അവർക്ക് അവസരമില്ലായിരുന്നു.