ഫുട്ബോൾ ചരിത്രത്തിൽ ലോറിസ് അവാർഡ് നേടിയ താരങ്ങൾ ഇല്ലെന്നിരിക്കെ ഇന്നലത്തോടെ ലയണൽ മെസി രണ്ടാമത്തെ തവണയാണ് ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2020ൽ ആദ്യമായി ഈ പുരസ്‌കാരം നേടിയ ലയണൽ മെസി ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതിനു പിന്നാലെയാണ് രണ്ടാമത്തെ തവണയും ഈ നേട്ടത്തിന് അർഹനായത്. അർജന്റീന മികച്ച ടീമായി തിരഞ്ഞെടുക്കപ്പെട്ടതോടെ വ്യക്തിഗത, ടീം ഇനത്തിൽ ആദ്യമായി പുരസ്‌കാരം നേടുന്ന താരമായും മെസി മാറി.
മറ്റൊരു ഫുട്ബോൾ താരവും ഒരിക്കലും സ്വന്തമാക്കാത്ത നേട്ടം തങ്ങളുടെ ക്ലബിന്റെ ഭാഗമായി നിൽക്കുന്ന ഒരു താരം രണ്ടാമത്തെ തവണ സ്വന്തമാക്കിയിട്ടും ഒരിക്കൽ പോലും അഭിനന്ദിക്കാൻ തയ്യാറാകാത്ത പിഎസ്‌ജിയുടെ നിലപാടാണ് ഇപ്പോൾ ചർച്ചയാകുന്നത്. പാരീസിൽ വെച്ച് നടന്ന ലോറിസ് അവാർഡ്‌സിൽ ലയണൽ മെസി പുരസ്‌കാരം നേടിയതിനു ശേഷം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരു പോസ്റ്റ് പോലും പിഎസ്‌ജി ഇട്ടിട്ടില്ലെന്നത് വിചിത്രമായ കാര്യം തന്നെയാണ്.
Congratulations, 🐐! https://t.co/QbOQ6Xt3wo
— FC Barcelona (@FCBarcelona) May 8, 2023
കായികരംഗത്തെ ഓസ്‌കാർ എന്ന പേരിൽ അറിയപ്പെടുന്ന ലോറിസ് അവാർഡ് വളരെയധികം മൂല്യമുള്ള ഒന്നാണ്. ലയണൽ മെസിയും അർജന്റീനയും പുരസ്‌കാരം നേടാൻ കാരണം ഖത്തർ ലോകകപ്പിലെ വിജയമാണെന്നതിൽ സംശയമില്ല. ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ചാണ് അർജന്റീന കിരീടം നേടിയത്. അതുകൊണ്ടു തന്നെ മെസിക്ക് അഭിനന്ദനം നൽകിയാൽ ഫ്രാൻസിലെ ആരാധകർ എതിരാകുമെന്നതിനെ തുടർന്നാണ് പിഎസ്‌ജി മാറി നിന്നതെന്ന് വേണം കരുതാൻ.
എന്നാൽ പിഎസ്‌ജിയുടെ നിലപാട് എന്തിന്റെ പേരിലാണെങ്കിലും അത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്നാണ് മെസി ആരാധകർ പറയുന്നത്. ലോറിസ് അവാർഡ് നേടിയ ഫുട്ബോൾ താരങ്ങൾ ഇല്ലെന്നിരിക്കെ രണ്ടാം തവണ അവാർഡ് നേടിയ ലയണൽ മെസിയുടെ നേട്ടം അത്രയും വലുതാണെന്ന് ആരാധകർ പറയുന്നു. ലയണൽ മെസിയുടെ മുൻ ക്ലബായ ബാഴ്‌സലോണ താരത്തിന് അഭിനന്ദനം നേർന്ന് രംഗത്തു വന്നതും അവർ ചൂണ്ടിക്കാട്ടുന്നു.
ഒരുപക്ഷെ ലയണൽ മെസിയുമായി ഭിന്നത ഉള്ളതു കൊണ്ടുമായിരിക്കാം പിഎസ്‌ജി താരത്തിന് അഭിനന്ദനം നൽകാൻ തയ്യാറാകാതിരുന്നത്. കരാർ പുതുക്കാനുള്ള ഓഫർ പിഎസ്‌ജി നൽകിയിട്ടും അതിനു മെസി തയ്യാറാവാത്തതിന്റെ അതൃപ്‌തി പിഎസ്‌ജിക്കുണ്ട്. അതിനു പുറമെ അടുത്തിടെ ക്ലബിന്റെ സമ്മതമില്ലാതെ മെസി സൗദി സന്ദർശിച്ചതിനു താരത്തെ വിലക്കുകയും ചെയ്‌തിരുന്നു.
PSG Yet To Wish On Lionel Messi Laureus Award Win