“ഓരോ ദിവസവും ഇന്ത്യ കൂടുതൽ മെച്ചപ്പെടുന്നു”- ഇന്ത്യൻ ഫുട്ബോളിന്റെ പുരോഗതിയെ പ്രശംസിച്ച് ഖത്തർ ക്യാപ്റ്റൻ | India

കുവൈറ്റിനെതിരെ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ വിജയം നേടിയത് ഇന്ത്യൻ ഫുട്ബോൾ ടീമിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ആ വിജയം നൽകിയ പ്രചോദനവുമായി ഇന്ന് രാത്രി ഇന്ത്യൻ ടീം ഏഷ്യയിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ ഖത്തറിനെതിരെ ഇറങ്ങുകയാണ്. ഒഡിഷയിലെ ഭുവനേശ്വറിൽ വെച്ച് നടക്കുന്ന മത്സരം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളിൽ വളരെ നിർണായകമായ ഒരു മത്സരമാണ്.

കഴിഞ്ഞ മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ എട്ടു ഗോളുകൾ നേടി തോൽപ്പിച്ച ഖത്തർ ഇന്ത്യയെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടേറിയ എതിരാളികൾ തന്നെയാണ്. എന്നാൽ സ്വന്തം മൈതാനത്ത് ആരാധകരുടെ മുന്നിൽ അവരെ പിടിച്ചുകെട്ടാനുള്ള ശ്രമം നടത്താൻ തന്നെയാണ് ഇന്ത്യ ഒരുങ്ങുന്നത്. അതേസമയം ഇന്ത്യയെ സംബന്ധിച്ച് ഖത്തർ ക്യാപ്റ്റന് നല്ല അഭിപ്രായമാണുള്ളത്. ഫുട്ബോളിൽ ഇന്ത്യ പടിപടിയായി വളർന്നു കൊണ്ടിരിക്കുന്നു എന്നാണു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.

“ഇന്ത്യൻ ദേശീയ ടീമിനെതിരെ ഒരുപാട് തവണ ഞാൻ കളിച്ചിട്ടുണ്ട്. ഓരോ ദിവസവും കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്ന ഒരു ടീമായാണ് എനിക്കവരെ തോന്നിയത്. ഞങ്ങൾ ലക്ഷ്യമിടുന്നത് മികച്ചൊരു മത്സരം കളിക്കാനും മൂന്നു പോയിന്റുകൾ നേടിയെടുക്കാനുമാണ്.” ഖത്തർ ക്യാപ്റ്റൻ ഹസൻ അൽ ഹയ്‌ഡോസ് പറഞ്ഞു. ഖത്തർ പരിശീലകനും സമാനമായ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്.

“ഇന്ത്യയിലേക്ക് വരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ഈ മത്സരത്തിനായി ഇറങ്ങാൻ വളരെ ആവേശത്തോടെ കാത്തിരിക്കുന്നു, അതു വളരെ കടുപ്പമേറിയ ഒന്നായിരിക്കുമെന്നും അറിയാം. ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അവരുടെ സ്വന്തം മൈതാനത്താണ് മത്സരം നടക്കുന്നത് എന്നതിനാൽ തന്നെ പ്രത്യേകിച്ചും.” ഖത്തർ പരിശീലകൻ കാർലോസ് ക്വിറോസ് പറഞ്ഞു.

ഖത്തറിനെതിരെ ഒരു സമനിലയെങ്കിലും നേടിയാൽ ഇന്ത്യയെ സംബന്ധിച്ച് അതൊരു വലിയ നേട്ടം തന്നെയാണ്. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെങ്കിലും എത്താൻ കഴിഞ്ഞാലാണ് ലോകകപ്പ് യോഗ്യതക്ക് വേണ്ടിയുള്ള അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ഇന്ത്യൻ ടീമിന് കഴിയുകയുള്ളൂ. ഖത്തറിനെതിരെ തോൽവി വഴങ്ങാതിരുന്നാൽ ഇന്ത്യയുടെ സാധ്യതകൾ കൂടുതൽ വർധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Qatar Captain Says India Getting Better Day By Day

IndiaIndia vs QatarQatarWorld Cup Qualifiers
Comments (0)
Add Comment