മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഖത്തറിലെ ബിസിനസുകാരനായ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി ഏറ്റെടുക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകൾ കുറച്ചു മാസങ്ങളായി പുറത്തു വരുന്നുണ്ട്. നിരവധി ബിഡുകൾ അദ്ദേഹം നൽകിയെങ്കിലും അതൊന്നും ഇപ്പോഴത്തെ ഉടമകളായ ഗ്ലെസേഴ്‌സ് ഫാമിലി സ്വീകരിച്ചില്ലായിരുന്നു. എന്നാൽ അക്കാര്യത്തിൽ വലിയ വഴിത്തിരിവുണ്ടായെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുന്നതിനു വേണ്ടി ഷെയ്ഖ് ജാസിം നൽകിയ അവസാനത്തെ ബിഡ് ക്ലബിന്റെ ഉടമകൾ സ്വീകരിച്ചുവെന്നാണ് ഖത്തറിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. മൊത്തം ആറു ബില്യൺ യൂറോയാണ് ഇതിനായി ഷെയ്ഖ് ജാസിം മുടക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ ഒരു മില്യൺ ക്ലബിന്റെ കടങ്ങൾ തീർക്കുന്നതിനു വേണ്ടി മാത്രമാണ്.
ഗ്ലെസേഴ്‌സ് ഫാമിലി ക്ലബിന് മൂല്യമായി കണക്കാക്കിയിരുന്നത് ആറു ബില്യൺ യൂറോയാണ്. ആ തുകയിലേക്ക് ബിഡ് എത്തിയത് കൊണ്ടാണ് ക്ലബ് അത് സ്വീകരിച്ചത്. അടുത്ത് തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. എന്തായാലും ക്ലബിന്റെ അടുത്ത സീസണിലെ ഉടമകൾ ആരായിരിക്കുമെന്ന കാര്യത്തിൽ കുറച്ചു കാലമായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾ ഇതോടെ ഇല്ലാതാവുകയാണ്.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് പുതിയൊരു കുതിപ്പാണ് ഈ ഏറ്റെടുക്കൽ നൽകുക. ഖത്തറിൽ നിന്നുള്ള ഉടമകൾ ഏറ്റെടുക്കുന്നതോടെ ക്ലബ്ബിലേക്ക് കൂടുതൽ പണമൊഴുകുമെന്ന് ഉറപ്പാണ്. വമ്പൻ താരങ്ങളെ സ്വന്തമാക്കി പ്രീമിയർ ലീഗിലും യൂറോപ്പിലും ആധിപത്യം വീണ്ടെടുക്കുന്നതിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായി ഇതിനെ കണക്കാക്കാവുന്നതാണ്.
Qatar Sheikh Jassim Wins Bid To Buy Manchester United