ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും വിജയം നേടിയ ടീം പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. മുംബൈ സിറ്റിക്കെതിരെ മാത്രം തോൽവി വഴങ്ങിയ ടീം ഒരു മത്സരത്തിൽ സമനിലയും വഴങ്ങി. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ഒന്നിലൊഴികെ ബാക്കി എല്ലാറ്റിലും വിജയം നേടാനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ലീഗിൽ അവസാന സ്ഥാനങ്ങളിൽ കിടക്കുന്ന ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് അനായാസമായി തോൽപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതല്ല സംഭവിച്ചത്. ഹൈദരാബാദ് എഫ്‌സി വലിയ വെല്ലുവിളി ബ്ലാസ്റ്റേഴ്‌സിന് സൃഷ്‌ടിച്ച മത്സരത്തിൽ ആദ്യപകുതിയിൽ മിലോസ് ഡ്രിഞ്ചിച്ച് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.
അതേസമയം മത്സരത്തിന് ശേഷം കൊച്ചിയിലെ മൈതാനത്തുണ്ടായ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. മത്സരം കഴിഞ്ഞ് ഗ്രൗണ്ട് സ്റ്റാഫുകളിൽ ഒരാൾ കളിക്കാർക്ക് കുടിക്കാനുള്ള വെള്ളം വെക്കാറുള്ള ഐസ് ബോക്‌സ് ഒറ്റക്ക് വലിച്ചു കൊണ്ടു പോവുകയായിരുന്നു. അതുകണ്ട ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപി ഉടനെ തന്നെ അതിന്റെ ഒരു വശത്ത് പിടിച്ച് സഹായിച്ചു. അതിനോട് അത്ഭുതത്തോടെയും നന്ദിയോടെയും പ്രതികരിക്കുന്ന ഗ്രൗണ്ട് സ്റ്റാഫിനെയും വീഡിയോയിൽ കാണാം.
Rahul KP 🤗💛pic.twitter.com/tbpwKXpwii
— Abdul Rahman Mashood (@abdulrahmanmash) November 27, 2023
രാഹുൽ കെപി മാത്രമല്ല, ഹൈദരാബാദ് എഫ്‌സിയുടെ ഒരു താരവും ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്നത് വീഡിയോയിൽ കാണാം. അദ്ദേഹവും സാധനങ്ങൾ എടുത്തു കൊണ്ടാണ് ഡ്രസിങ് റൂമിലേക്ക് പോകുന്നത്. ഇതൊന്നും താരങ്ങളുടെ ഉത്തരവാദിത്വം അല്ലെന്നിരിക്കിലും അതൊന്നും കണ്ടില്ലെന്നു നടിക്കാതെ തങ്ങളാൽ കഴിയുന്ന സഹായം നൽകുന്നത് അതിമനോഹരമായ കാഴ്‌ചയാണ്. താരങ്ങളും മനുഷ്യരാകുന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്.
രാഹുൽ കെപിയുടെ ആരാധനാപുരുഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നും അദ്ദേഹവും മനുഷ്യത്വവും മാനവികതയും മുറുകെ പിടിക്കുന്ന വ്യക്തിയാണെന്നും അതുകൊണ്ടു തന്നെ ഇത്തരം പ്രവൃത്തികൾ സ്വാഭാവികമായ ഒന്നാണെന്നും ഈ വീഡിയോക്ക് വന്ന കമന്റിൽ ആരാധകർ പറയുന്നു. ജാപ്പനീസ് ആരാധകർ മൈതാനം വൃത്തിയാക്കുന്നത് കണ്ടു കയ്യടിച്ച നമ്മൾ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന താരങ്ങൾക്കും കയ്യടി നൽകേണ്ടതു തന്നെയാണ്.
Rahul KP Helping Ground Staff Video