പിഎസ്ജിയും ലില്ലേയും തമ്മിൽ നടന്ന മത്സരത്തിൽ എംബാപ്പെ ഇരട്ടഗോളുകളും നെയ്മർ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോഴും ലയണൽ മെസി ഒരു ഗോൾ പോലും നേടിയിരുന്നില്ല. ലോകകപ്പിന് ശേഷം പിഎസ്ജിയിൽ മോശം ഫോമിൽ കളിക്കുന്ന പിഎസ്ജി ഒരിക്കൽക്കൂടി ടീമിനൊപ്പം പരാജയപ്പെടുകയാണോ എന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. മത്സരത്തിന് ശേഷം മെസി സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ ഏറ്റു വാങ്ങുമെന്നും ആരാധകർ കരുതി.
എന്നാൽ ഇഞ്ചുറി ടൈമിലാണ് ലയണൽ മെസി തന്റെ മാന്ത്രികത പുറത്തെടുത്തത്. സമനിലയിലേക്ക് പോവുകയായിരുന്ന മത്സരത്തിൽ മനോഹരമായൊരു ഫ്രീ കിക്ക് ഗോൾ നേടി പിഎസ്ജിയെ വിജയത്തിലേക്ക് നയിക്കാൻ അർജന്റീന താരത്തിന് കഴിഞ്ഞു. ഒരു ഘട്ടത്തിൽ തോൽവി വഴങ്ങുമെന്ന് തോന്നിപ്പിച്ച മത്സരത്തിൽ മെസിയുടെ ഗോൾ വിജയത്തിലേക്ക് നയിച്ചപ്പോൾ അതിനെ മതിമറന്ന് ആഘോഷിക്കാൻ പിഎസ്ജിയിലെ താരങ്ങൾക്കൊപ്പം പരിശീലകൻ ഗാൾട്ടിയറും എത്തിയത് കൗതുകമായി.
അതേസമയം മെസിയുടെ ഗോൾ തനിക്ക് ആശ്ചര്യമൊന്നും നൽകിയില്ലെന്നു പറഞ്ഞ പിഎസ്ജി പ്രതിരോധതാരം സെർജിയോ റാമോസ് അതിന്റെ കാരണം വ്യക്തമാക്കി. “എനിക്കതിൽ യാതൊരു അത്ഭുതവും തോന്നിയില്ലെന്നാണ് സത്യം. ബാഴ്സയിൽ ഉള്ള സമയത്തു തന്നെ മെസി ഇതുപോലെ മത്സരങ്ങൾ ഒറ്റക്ക് വിധിയെഴുതാറുണ്ട്. താരം എന്റെ ടീമിലായത് വലിയ സന്തോഷമാണ്.” മത്സരത്തിന് ശേഷം ആമസോൺ പ്രൈമിനോട് സംസാരിക്കുമ്പോൾ റാമോസ് പറഞ്ഞു.
❗️🗣️ Sergio Ramos: "I'm not surprised anymore, Messi since Barça is used to deciding games like he did today. I'm glad he's on MY team now." [amazon prime]
— mx ⭐️⭐️⭐️ (@MessiMX30iiii) February 19, 2023
🤩 pic.twitter.com/hOClSNVRyT
ബാഴ്സലോണ താരമായിരിക്കുമ്പോൾ റയൽ മാഡ്രിഡിനെതിരെ നിർണായക ഗോളുകൾ മെസി നേടിയിട്ടുള്ളതിന്റെ ഓർമ റാമോസിൽ നിന്നും പോയിട്ടില്ലെന്നാണ് മനസിലാക്കേണ്ടത്. എന്തായാലും പിഎസ്ജിയിൽ രണ്ടു താരങ്ങളും വളരെ അടുത്ത സുഹൃത്തുക്കളാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്നലെ മത്സരത്തിന് ശേഷവും ലയണൽ മെസിയുടെ അരികിലെത്തി റാമോസ് താരത്തെ ആലിംഗനം ചെയ്ത് എടുത്തു പൊക്കിയാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.