ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയ തോതിലുള്ള ഒത്തുകളി നടക്കുന്നുണ്ടെന്ന ആരോപണവുമായി ഐ ലീഗ് ക്ലബായ ഡൽഹി എഫ്സിയുടെ ഉടമയായ രഞ്ജിത്ത് ബജാജ്. കഴിഞ്ഞ ദിവസം ഒരു യുട്യൂബ് പോഡ്കാസ്റ്റിൽ സംസാരിക്കുന്ന സമയത്താണ് അദ്ദേഹം ഐഎസ്എൽ അടക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിൽ നടക്കുന്ന ഒത്തുകളിയെക്കുറിച്ചും അതിൽ നടപടിയൊന്നും ഉണ്ടാകാത്തതിനെക്കുറിച്ചും സംസാരിച്ചത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് ഡൽഹി പ്രീമിയർ ലീഗിലെ ഒരു മത്സരത്തിൽ ഒത്തുകളി നടന്നുവെന്ന് പ്രകടമായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ രണ്ടു സെൽഫ് ഗോളുകൾ അഹ്ബാബ് എഫ്സി താരങ്ങൾ നേടിയത് മനഃപൂർവമാണെന്ന് വ്യക്തമായിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു വിവാദമായ സാഹചര്യത്തിലാണ് രഞ്ജിത്ത് ബജാജ് പ്രതികരിച്ചത്.
Ranjit Bajaj 🗣️ " I can guarantee even isl is fixed, when I say isl is fixed, they can't fix the players. In football here is more spot fixing, here you'll fix referees more than anybody else." pic.twitter.com/SWwmNWpf0L
— All India Football (@AllIndiaFtbl) February 29, 2024
ഇന്ത്യൻ വിമൻസ് ലീഗ്, ഐ ലീഗ്, ഐഎസ്എൽ തുടങ്ങിയവയിലെല്ലാം ഒത്തുകളി നടക്കുന്നുണ്ടെന്നാണ് അദ്ദേഹം തുറന്നടിച്ചത്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഒത്തുകളിയിൽ താരങ്ങൾക്ക് പങ്കില്ലെന്നാണ് രഞ്ജിത്ത് ബജാജ് പറയുന്നത്. താരങ്ങൾക്ക് മികച്ച പ്രതിഫലം ലഭിക്കുന്നതിനാൽ തന്നെ അവർ ഒത്തുകളിക്ക് കൂട്ടുനിൽക്കില്ലെന്നും എന്നാൽ റഫറിമാർ അത് ചെയ്യുമെന്നുമാണ് അദ്ദേഹം പറയുന്നത്.
റഫറിമാർക്ക് ഒരു മാസത്തിൽ ലഭിക്കുന്ന പ്രതിഫലം അൻപതിനായിരം രൂപയാണെന്നും അതുകൊണ്ടു തന്നെ പത്തു ലക്ഷം രൂപ വരെയൊക്കെ വാഗ്ദാനം ചെയ്താൽ അതിൽ വീഴുമെന്നും അദ്ദേഹം പറയുന്നു. മഞ്ഞക്കാർഡ് നൽകുക, ഏതു ടീമിന് ആദ്യത്തെ കിക്ക് നൽകണമെന്ന് തീരുമാനിക്കുക, മൊത്തം കോർണറുകളുടെ എണ്ണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ റഫറിമാർ തീരുമാനം എടുക്കുമെന്നും രഞ്ജിത്ത് ബജാജ് വ്യക്തമാക്കി.
വാതുവെപ്പിനെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2016-17 സീസണിൽ താൻ ഇതുമായി ബന്ധപ്പെട്ട് ഒരു പരാതി നൽകിയിരുന്നെന്നും ഇത്തരത്തിൽ ഫയൽ ചെയ്യുന്ന ആദ്യത്തെ പരാതിയായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പരാതിയിൽ യാതൊരു നടപടിയും എടുത്തില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Ranjit Bajaj Says ISL Is Fixed