ലീഡ്‌സ് യുണൈറ്റഡിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറിയ റാഫിന്യക്ക് തന്റെ ഏറ്റവും മികച്ച പ്രകടനം ക്ലബിനായി നടത്താൻ കഴിഞ്ഞിട്ടില്ല. താരത്തിന്റെ പ്രിയപ്പെട്ട പൊസിഷനിൽ കളിപ്പിക്കാൻ സാവി തയ്യാറാവാത്തത് റഫിന്യയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബ്രസീൽ ദേശീയ ടീമിനു വേണ്ടി കളിക്കുമ്പോൾ മറ്റൊരു റഫിന്യയെയാണ് കാണാൻ കഴിയുക. നെയ്‌മർ വിനീഷ്യസ് എന്നിവർക്കൊപ്പം തകർപ്പൻ പ്രകടനമാണ് താരം നടത്തുന്നത്.
ബ്രസീലിന്റെ ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പുള്ള റഫിന്യ ഇറ്റലിയുടെ ഓഫർ തഴഞ്ഞാണ് കാനറികളെ തിരഞ്ഞെടുത്തതെന്നാണ് സ്‌പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. റോബർട്ടോ മാൻസിനി പരിശീലകനായതിനു ശേഷം ഇറ്റലിയിൽ വേരുകളുള്ള മികച്ച താരങ്ങളെ ദേശീയ ടീമിലേക്ക് റിക്രൂട്ട് ചെയ്യാനാരംഭിച്ചപ്പോൾ ലീഡ്‌സ് യുണൈറ്റഡിൽ മാഴ്‌സലോ ബിയൽസക്കു കീഴിൽ കളിച്ചിരുന്ന റാഫിന്യയെയും എത്തിക്കാൻ ശ്രമം നടത്തിയിരുന്നു.
പ്രൊഫെഷണൽ ഫുട്ബോൾ ബ്രസീലിൽ കളിച്ചിട്ടേയില്ലാത്ത റാഫിന്യ പോർചുഗലിലാണ് അതാരംഭിക്കുന്നത്. അച്ഛന്റെ കുടുംബത്തിന്റെ വേരുകൾ ഇറ്റലിയിൽ ആയിരുന്ന റാഫിന്യക്ക് അവരെ തിരഞ്ഞെടുക്കാൻ എളുപ്പം കഴിയുമായിരുന്നിട്ടും അത് ബഹുമാനപൂർവ്വം ഒഴിവാക്കിയ താരം തന്റെ ഇഷ്‌ടതാരമായ റൊണാൾഡീന്യോ കളിച്ച ബ്രസീൽ ടീമിനെ തന്നെയാണ് തിരഞ്ഞെടുത്തത്. ബ്രസീലിനെ സംബന്ധിച്ച് താരത്തിന്റെ സാന്നിധ്യം വലിയൊരു മുതൽക്കൂട്ടാവുകയും ചെയ്‌തു.
Raphinha turned down the opportunity to represent Italyhttps://t.co/N2rhe7649o
— SPORT English (@Sport_EN) November 2, 2022
ബ്രസീലിൽ വേരുകളുള്ള താരങ്ങളായ എമേഴ്‌സൺ പാൽമേരി, ജോർജിന്യോ തുടങ്ങിയവർ നിലവിൽ ഇപ്പോൾ ഇറ്റാലിയൻ ടീമിലാണ് കളിക്കുന്നത്. യൂറോ കിരീടം ഇവർക്ക് നേടാൻ കഴിഞ്ഞെങ്കിലും ലോകകപ്പിനു യോഗ്യത നേടാൻ കഴിഞ്ഞില്ല. അതേസമയം ഒരു മത്സരത്തിൽ പോലും തോൽവി അറിയാതെയാണ് ബ്രസീൽ ലോകകപ്പ് യോഗ്യത നേടിയത്. റഫിന്യ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായ ബാഴ്‌സയിൽ എത്തുകയും ചെയ്‌തു.