വോൾവ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി താരമായത് ഇംഗ്ലീഷ് സ്ട്രൈക്കറായ മാർക്കസ് റാഷ്ഫോഡ് ആയിരുന്നു. ആദ്യ ഇലവനിൽ ഇല്ലാതിരുന്ന താരം രണ്ടാം പകുതിയിൽ കളത്തിലിറങ്ങി എഴുപത്തിയാറാം മിനുട്ടിൽ ടീമിന്റെ വിജയഗോൾ നേടി. എൺപത്തിയഞ്ചാം മിനുട്ടിൽ മറ്റൊരു ഗോൾ കൂടി റാഷ്ഫോഡ് നേടിയെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി അത് നിഷേധിക്കുകയായിരുന്നു. എങ്കിലും മത്സരത്തിൽ വിജയം നേടിയതോടെ ടോട്ടനത്തെ മറികടന്ന് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തേക്ക് കുതിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞു.
വോൾവ്സിനെതിരെ നടന്ന മത്സരത്തിന്റെ ആദ്യ ഇലവനിൽ നിന്നും റാഷ്ഫോഡിനെ ഒഴിവാക്കിയ തീരുമാനം ആരാധകരെ അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. അതിനു മുൻപ് നടന്ന രണ്ട് മത്സരങ്ങളിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി താരം ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ചിരുന്നു. അതിനു പിന്നാലെയാണ് പരിക്കിന്റെ പ്രശ്നങ്ങൾ ഇല്ലാതിരുന്നിട്ടും താരത്തെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയത്. തന്നെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയതൊരു അച്ചടക്കനടപടി ആയിരുന്നുവെന്ന് ഇന്നലത്തെ മത്സരത്തിനു ശേഷം പറഞ്ഞ റാഷ്ഫോഡ് അതിന്റെ കാരണങ്ങളും വ്യക്തമാക്കി.
“ഞാൻ മീറ്റിങ്ങിന് കുറച്ച് വൈകിയാണ് എത്തിയത്. ഞാൻ കൂടുതൽ ഉറങ്ങിപ്പോയി. ഇതു പോലെയുള്ള പിഴവുകൾ സംഭവിക്കാമെങ്കിലും ടീമിന്റെ നിയമങ്ങൾ അങ്ങിനെയാണ്. പക്ഷെ ആദ്യ ഇലവനിൽ നിന്നും ഒഴിവായതിൽ എനിക്ക് നിരാശ ഉണ്ടായിരുന്നു. എങ്കിലും ടീമിന്റെ തീരുമാനം എനിക്ക് മനസിലാകുമായിരുന്നു, മത്സരത്തിൽ വിജയം നേടിയതിൽ എനിക്ക് വളരെയധികം സന്തോഷവുമുണ്ട്. മുൻപ് ഇതുപോലെയുള്ള മത്സരങ്ങൾ തോൽക്കുകയോ സമനിലയിലാവുകയോ ചെയ്യുന്ന സാഹചര്യത്തിൽ നിന്നും മുന്നോട്ടു പോയതിലും സന്തോഷമുണ്ട്.” താരം പറഞ്ഞു.
🚨💤 Marcus Rashford has confirmed he was dropped from the Man United team today because he overslept and missed an important team meeting. pic.twitter.com/ld5P2CPMpa
— EuroFoot (@eurofootcom) December 31, 2022
ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയെങ്കിലും അതിൽ നിരാശനാകാതെ മത്സരത്തിൽ ഇറങ്ങി ടീമിന്റെ വിജയഗോൾ നേടിയ റാഷ്ഫോഡിൽ പരിശീലകൻ എറിക് ടെൻ ഹാഗും സന്തോഷം പ്രകടിപ്പിച്ചു. “ആ തീരുമാനത്തിനു ശേഷം താരം വന്നു, വളരെ സന്തോഷത്തിലും സജീവവുമായിരുന്നു, ഒരു ഗോൾ നേടി. അതൊരു നല്ല പ്രതികരണം തന്നെയായിരുന്നു. ആ സംഭവം അതോടെ കൂടി തീർന്നിരിക്കുന്നു. കളിയുടെ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്, അതിന്റെ മൂല്യങ്ങളും. അതിനോട് ഇതുപോലെ പ്രതികരിക്കുന്നത് ശരിയായ മറുപടി തന്നെയാണ്.” ടെൻ ഹാഗ് പറഞ്ഞു.
മത്സരത്തിൽ വിജയം നേടിയതോടെ പതിനാറു മത്സരങ്ങളിൽ നിന്നും മുപ്പത്തിരണ്ടു പോയിന്റ് നേടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്തു നിൽക്കുന്നത്. അത്രയും മത്സരങ്ങൾ കളിച്ച ടോട്ടനം മുപ്പതു പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. പതിനേഴു മത്സരങ്ങൾ കളിച്ച് മുപ്പത്തിനാല് പോയിന്റുമായി മൂന്നാം സ്ഥാനത്തു നിൽക്കുന്ന ന്യൂകാസിൽ യുണൈറ്റഡിനെ മറികടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസരമുണ്ട്. എറിക് ടെൻ ഹാഗിനു കീഴിൽ ടീം ശരിയായ ദിശയിൽ തന്നെയാണ് പോകുന്നതെന്ന് ഇതു വ്യക്തമാക്കുന്നു.