ഈ സീസണിൽ ലാ ലിഗയിൽ അത്ര മികച്ച ഫോമിലല്ലെങ്കിലും ചാമ്പ്യൻസ് ലീഗിൽ അതിഗംഭീര പ്രകടനമാണ് റയൽ മാഡ്രിഡ് നടത്തുന്നത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ എതിരാളികളുടെ മുട്ടിടിപ്പിക്കുന്ന മൈതാനമായ ആൻഫീൽഡിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയ റയൽ മാഡ്രിഡ് അതിനു ശേഷം നടന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയവും നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ കൂടുതൽ സാധ്യത കൽപ്പിക്കാതിരുന്ന ടീമായിരുന്നു റയൽ മാഡ്രിഡ്. എന്നാൽ വമ്പൻ ടീമുകളായ പിഎസ്ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരെ പടിപടിയായി മറികടന്ന റയൽ മാഡ്രിഡ് അവിസ്മരണീയമായ തിരിച്ചുവരവുകൾ നടത്തി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി. ഈ സീസണിലും റയൽ മാഡ്രിഡിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലെങ്കിലും ചാമ്പ്യൻസ് ലീഗിലെത്തുമ്പോൾ അവർ വേറെ ലെവലാണെന്നതിൽ സംശയമില്ല.
AC Milan
— B/R Football (@brfootball) March 15, 2023
Bayern
Benfica
Chelsea
Inter Milan
Man City
Napoli
Real Madrid
The Champions League quarterfinalists are set ⚔️ pic.twitter.com/f63de9Xxyl
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിന് എതിരാളികളായി വരാൻ സാധ്യതയുള്ള ടീമുകൾ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ബയേൺ മ്യൂണിക്ക്, നാപ്പോളി, എസി മിലാൻ, ഇന്റർ മിലാൻ, ബെൻഫിക്ക എന്നിവരാണ്. നിലവിലെ ഫോം പരിഗണിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി, നാപ്പോളി, ബയേൺ മ്യൂണിക്ക് എന്നീ ടീമുകളാണ് റയൽ മാഡ്രിഡിന് ഭീഷണിയാകാൻ സാധ്യതയുള്ളൂ. അവരെ മറികടക്കാനുള്ള കരുത്ത് റയൽ മാഡ്രിഡിനുണ്ട് താനും.
ഈ സീസണിൽ ലീഗിൽ പിന്നിലാവുകയും സ്പാനിഷ് സൂപ്പർകപ്പ് ബാഴ്സയ്ക്ക് മുന്നിൽ അടിയറവ് വെക്കുകയും ചെയ്ത റയൽ മാഡ്രിഡിന്റെ ഫോമിൽ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും ലിവർപൂളിനെതിരായ വിജയത്തോടെ അത് മാറിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റയലിന്റെ തിരിച്ചുവരവിന് കാരണമായ താരങ്ങളും പരിശീലകനുമെല്ലാം ഇപ്പോഴും ടീമിനൊപ്പം തന്നെ തുടരുന്നു. അതുകൊണ്ടു തന്നെ റയൽ മാഡ്രിഡ് പതിനഞ്ചാം ചാമ്പ്യൻസ് ലീഗെന്ന ചരിത്രനേട്ടം കുറിച്ചാലും അതിൽ അത്ഭുതപ്പെടാൻ യാതൊന്നുമില്ല.