ഫുട്ബോൾ ലോകം ലോകകപ്പിന്റെ ആരവങ്ങളിൽ മുഴുകിയിരിക്കുമ്പോൾ വമ്പൻ സൈനിങ് പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്. ബ്രസീലിയൻ ക്ലബായ പാൽമിറാസിന്റെ കൗമാരതാരമായ എൻഡ്രിക്കിനെയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയ വിവരം പ്രഖ്യാപിച്ചത്. ബ്രസീലിൽ നിന്നും ലോകം കീഴടക്കാൻ വരുന്ന അടുത്ത വിസ്മയ താരമെന്ന ഖ്യാതി നേരത്തെ തന്നെ സ്വന്തമാക്കിയ എൻഡ്രിക്കിനായി നിരവധി ക്ലബുകൾ ശ്രമം നടത്തിയിരുന്നെങ്കിലും ഒടുവിൽ റയൽ മാഡ്രിഡാണ് താരത്തെ സ്വന്തമാക്കിയത്.
വെറും പതിനാറു വയസു മാത്രമാണ് എൻഡ്രിക്കിന്റെ പ്രായം. അതിനാൽ തന്നെ ഇപ്പോൾ റയൽ മാഡ്രിഡിൽ ചേരാൻ താരത്തിന് കഴിയില്ല. 2024ൽ പതിനെട്ടു വയസു തികയുമ്പോഴേ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയുള്ളൂ. താരത്തിനായി റയൽ മാഡ്രിഡ് മുടക്കിയ തുക എത്രയാണെന്ന് കൃത്യമായി അറിയില്ലെങ്കിലും നാൽപതു മുതൽ അറുപതു മില്യൺ യൂറോ വരുമെന്നാണ് റിപ്പോർട്ടുകൾ. വെറും പതിനാറു വയസുള്ള താരത്തിനായി ഇത്രയും തുക റയൽ എറിയണമെങ്കിൽ അതൊന്നും കാണാതെയാകില്ലെന്നുറപ്പാണ്.
ബ്രസീലിൽ നിന്നുള്ള യുവപ്രതിഭകളെ ഒന്നിനു പിറകെ ഒന്നായി റയൽ മാഡ്രിഡ് സ്വന്തമാക്കുകയാണ്. നേരത്തെ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ് എന്നിവരെ റയൽ രണ്ടു തവണയായി ടീമിലെത്തിച്ചിരുന്നു. ഇവർ രണ്ടു പേരും ഇപ്പോൾ ടീമിലെ പ്രധാന താരങ്ങളായി മാറിയിട്ടുണ്ട്. ഇനി എൻഡ്രിക്ക് കൂടിയെത്തി സീനിയർ ടീമിൽ ഇടം പിടിച്ചാൽ റയൽ മാഡ്രിഡിന്റെ മുന്നേറ്റനിര മുഴുവൻ ബ്രസീലിയൻ താരങ്ങളാകും. വിനീഷ്യസും റോഡ്രിഗോയും വിങ്ങർമാരാണെങ്കിൽ എൻഡ്രിക്ക് സെൻട്രൽ സ്ട്രൈക്കറാണ്.
ട്രാൻസ്ഫർ പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ വളർത്തിയെടുത്തതിനും വേണ്ട സൗകര്യങ്ങൾ ചെയ്തു തന്നതിനും ബ്രസീലിയൻ ക്ലബിനോട് എൻഡ്രിക്ക് നന്ദിയറിയിച്ചു. വലിയൊരു സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നു പറഞ്ഞ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതു വരെ ബ്രസീലിയൻ ക്ലബിനായി തന്റെ കഴിവിന്റെ പരമാവധി നൽകുമെന്നും ആരാധകർക്ക് കൂടുതൽ സന്തോഷം നൽകാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു.