ഖത്തർ ലോകകപ്പിന് ശേഷം അണ്ടർ 20 ലോകകപ്പ് കൂടി നേടാമെന്ന അർജന്റീനയുടെ മോഹങ്ങൾക്ക് തിരിച്ചടി നൽകി യൂറോപ്യൻ ക്ലബുകളുടെ തീരുമാനം. അണ്ടർ 20 ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിലുൾപ്പെട്ട താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന നിലപാട് പല ക്ലബുകളും സ്വീകരിച്ചിടുന്നു. ഇപ്പോൾ തങ്ങളുടെ യുവതാരത്തെ ലോകകപ്പിനായി അർജന്റീനക്ക് വിട്ടുനൽകില്ലെന്ന തീരുമാനം റയൽ മാഡ്രിഡ് എടുത്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
റയൽ മാഡ്രിഡ് യൂത്ത് ടീമിൽ കളിക്കുന്ന മധ്യനിര താരമായ നിക്കോ പാസിനെ ലോകകപ്പിന് വിട്ടുകൊടുക്കില്ലെന്നാണ് റയൽ മാഡ്രിഡിന്റെ നിലപാട്. റയൽ മാഡ്രിഡ് സീനിയർ ടീമിന് വണ്ടി ഈ സീസണിൽ കോപ്പ ഡെൽ റേ മത്സരത്തിൽ അരങ്ങേറ്റം നടത്തിയ താരമാണ് നിക്കോ പാസ്. സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ അർജന്റീന ടീമിനായി താരം കളിച്ചിരുന്നു. അർജന്റീന നേരത്തെ പുറത്തായെങ്കിലും നിക്കോയുടെ പ്രകടനം മികച്ചു നിന്നിരുന്നു.
(🌕) Confirmed: Real Madrid will not release Nico Paz for the U20 World Cup, final decision is made. @gastonedul 🚨⚪️ pic.twitter.com/GjHgZouXS2
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 29, 2023
ഇന്തോനേഷ്യയിൽ നിന്നും ലോകകപ്പ് മാറ്റി അർജന്റീനക്ക് വേദി അനുവദിച്ചതാണ് ആതിഥേയരെന്ന നിലയിൽ അർജന്റീന അണ്ടർ 20 ടീം ടൂർണമെന്റ് കളിക്കാൻ കാരണമായത്. സ്വന്തം രാജ്യത്ത് തന്നെ നടക്കുന്ന ടൂർണമെന്റിൽ കിരീടം നേടാൻ മികച്ച ടീമിനെ തന്നെ അണിനിരത്താൻ അർജന്റീന ആഗ്രഹിക്കുന്നു. ക്ലബുകൾ താരങ്ങളെ വിട്ടുകൊടുക്കാൻ വിമുഖത കാണിക്കുന്നത് കാരണം പരിശീലകൻ മഷറാനോ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഒന്നും വിജയം കാണുന്നില്ല.
പ്രിമേറ ഡിവിഷനിൽ റയൽ മാഡ്രിഡ് യൂത്ത് ടീമിന്റെ പൊസിഷനാണ് താരത്തെ വിട്ടുകൊടുക്കാൻ ക്ലബ് മടിക്കാനുള്ള പ്രധാന കാരണം. ഗ്രൂപ്പ് ഒന്നിൽ നിലവിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ടീമിന് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാൻ അവസരമുണ്ട്. ഒന്നാം സ്ഥാനം നഷ്ടമായാലും പ്ലേ ഓഫ് വഴി സെഗുണ്ട ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടാൻ അവർക്ക് കഴിയും. ഈ സാഹചര്യത്തിൽ ടീമിലെ പ്രധാന താരമായ പാസിനെ വിട്ടുകൊടുക്കുന്നത് ടീമിനെ ബാധിക്കുമെന്നുറപ്പാണ്.
റയൽ മാഡ്രിഡ് മാത്രമല്ല അർജന്റീനക്ക് താരങ്ങളെ വിട്ടുകൊടുക്കാൻ വിമുഖത കാണിക്കുന്ന ടീം. ടീമിന്റെ കുന്തമുന ആകുമെന്ന് പ്രതീക്ഷിക്കപ്പെട്ട അലസാന്ദ്രോ ഗർനാച്ചോയെ വിട്ടുകൊടുക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും തീരുമാനമെടുത്തു കഴിഞ്ഞു. സ്വന്തം രാജ്യത്ത് നടക്കുന്ന ലോകകപ്പിൽ അർജന്റീനയുടെ കിരീടമോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനങ്ങൾ നൽകുന്നത്.
Real Madrid Will Not Release Nico Paz For U20 World Cup