ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു പുതിയ കളിക്കാരനെ പോലും സ്വന്തമാക്കാത്ത ക്ലബാണ് റയൽ മാഡ്രിഡ്. ജൂണിൽ ആറു താരങ്ങളുടെ കരാർ അവസാനിക്കും എന്നിരിക്കെയാണ് പുതിയൊരു താരത്തെ പോലും അവർ സ്വന്തമാക്കാതിരുന്നത്. ലാ ലീഗയിൽ സാമ്പത്തികപ്രതിസന്ധി ഒട്ടും ബാധിക്കാത്ത ക്ലബായിരുന്നിട്ടു പോലും വളരെ കൃത്യമായി സാമ്പത്തിക ഇടപാടുകളും ട്രാൻസ്ഫറുകളും നടത്തുകയെന്ന അവരുടെ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ താരങ്ങളെ സ്വന്തമാക്കാതിരുന്നത്.
ഈ സീസണു ശേഷം കരാർ അവസാനിക്കുന്ന താരങ്ങളിൽ മരിയാനോ ഡയസ് ഈ സീസണിനു ശേഷം ക്ലബ് വിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. റയൽ മാഡ്രിഡ് മധ്യനിരയിലെ ഇതിഹാസങ്ങളായ ലൂക്ക മോഡ്രിച്ചും ടോണി ക്രൂസും ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കി ക്ലബിനൊപ്പം തുടരാനാണ് സാധ്യത. നിലവിൽ ഡാനി സെബയോസ്, മാർകോ അസെൻസിയോ, നാച്ചോ ഹെർണാണ്ടസ് എന്നിവരുടെ കാര്യത്തിലാണ് തീരുമാനമാകാത്തത്.
ഈ മൂന്നു താരങ്ങൾക്കും റയൽ മാഡ്രിഡിൽ തുടരുമ്പോൾ ഉള്ളതിനേക്കാൾ മികച്ച ഓഫറുകൾ മറ്റു ക്ലബുകളിൽ നിന്നും ലഭിക്കുമെങ്കിലും ഇവർക്ക് ക്ലബിനോടുള്ള സ്നേഹം മുതലെടുക്കാൻ തന്നെയാണ് ലോസ് ബ്ലാങ്കോസ് ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് മാധ്യമമായ കദന സെറിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ താരങ്ങൾക്ക് ക്ലബിനൊപ്പം തുടരാൻ നിലവിലെ കരാർ മെച്ചപ്പെടുത്തി നൽകാൻ റയൽ മാഡ്രിഡിനു യാതൊരു താൽപര്യവുമില്ല.
Real Madrid are not bothered what other offers arrive.https://t.co/dVKcFYrqE5
— Football España (@footballespana_) February 3, 2023
റയൽ മാഡ്രിഡ് നൽകുന്ന കരാറെന്താണോ അത് സ്വീകരിക്കാമെന്നും, അതിനു തയ്യാറല്ലെങ്കിൽ ക്ലബ് വിടാമെന്നുമാണ് അവർ ഈ താരങ്ങളുടെ കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട്. നാച്ചോ ചെറുപ്പം മുതലും മറ്റു താരങ്ങൾ വളരെ വർഷങ്ങളായും റയൽ മാഡ്രിഡിൽ തുടരുന്നതിനാൽ ക്ലബ് വിടാൻ അവർക്ക് താൽപര്യം കുറവായിരിക്കുമെന്നും അത് കൃത്യമായി മുതലെടുക്കാമെന്നുമാണ് ക്ലബ് കരുതുന്നത്.