മെക്‌സിക്കോയും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ടീമിന്റെ രണ്ടാമത്തെ ഗോൾ നേടിയതോടെ എൻസോ ഫെർണാണ്ടസിന്റെ പേര് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ യൂറോപ്പിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നായ റയൽ മാഡ്രിഡും താരത്തെ നോട്ടമിട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അർജന്റീന ടീമിൽ പകരക്കാരനായിറങ്ങി മികച്ച പ്രകടനം നടത്താൻ എൻസോ ഫെർണാണ്ടസിന് കഴിഞ്ഞിരുന്നു.
റിവർപ്ളേറ്റിൽ നിന്നും ജൂലൈയിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക സ്വന്തമാക്കിയ താരമാണ് എൻസോ ഫെർണാണ്ടസ്. ബെൻഫിക്ക ടീമിലെ സ്ഥിരസാന്നിധ്യമായ താരം പിഎസ്‌ജിയെ മറികടന്ന് ടീമിനെ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ജേതാക്കളാക്കാൻ നിർണായക പങ്കു വഹിക്കുകയുണ്ടായി. അതിനു പിന്നാലെ ലോകകപ്പ് ടീമിലും ഇടം നേടിയ താരം വമ്പൻ പോരാട്ടങ്ങളിൽ തനിക്ക് മികവ് കാണിക്കാൻ കഴിയുമെന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.
ഇരുപത്തിയൊന്ന് വയസ് മാത്രമുള്ള എൻസോ ഫെർണാണ്ടസിൽ റയൽ മാഡ്രിഡിന് നേരത്തെ താൽപര്യം ഉണ്ടായിരുന്നെങ്കിലും ട്രാൻസ്‌ഫർ അവർ നടത്തിയിരുന്നില്ല. ജൂഡ് ബെല്ലിങ്‌ഹാമാണ് അവരുടെ പ്രധാന ലക്ഷ്യമെങ്കിലും അത് നടന്നില്ലെങ്കിൽ എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാനാണ് അവർ ശ്രമിക്കുന്നത്. ലോകകപ്പിൽ ഇനിയും തിളങ്ങിയാൽ ജനുവരിയിൽ താരത്തിനായി കൂടുതൽ ഓഫറുകൾ വരുമെന്ന കാര്യത്തിൽ സംശയമില്ല.