ഫ്രാൻസ് തഴഞ്ഞ സിദാൻ വീണ്ടും റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്തേക്ക്

ഖത്തർ ലോകകപ്പിനു ശേഷം സിനദിൻ സിദാൻ ഫ്രാൻസ് ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. അതിനു വേണ്ടിയാണ് റയൽ മാഡ്രിഡ് വിട്ടതിനു ശേഷം അദ്ദേഹം മറ്റു ക്ലബുകളുടെ ഓഫറുകളൊന്നും പരിഗണിക്കാതെ ഫ്രീ ഏജന്റായി തുടർന്നതും. എന്നാൽ ലോകകപ്പിൽ ഫ്രാൻസ് മികച്ച പ്രകടനം നടത്തി ഫൈനൽ വരെ മുന്നേറി കിരീടം നേടുന്നതിന്റെ തൊട്ടരികിൽ എത്തിയതിനാൽ ദിദിയർ ദെഷാംപ്‌സിന് വീണ്ടും കരാർ നൽകുകയാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ചെയ്‌തത്‌. 2026ൽ നടക്കുന്ന ലോകകപ്പ് വരെയുള്ള കരാറാണ് ദെഷാംപ്‌സിന് ഫ്രാൻസ് നൽകിയത്. ഇതോടെ അടുത്തൊന്നും സിദാന് ഫ്രാൻസ് ടീമിന്റെ പരിശീലകനാവാൻ കഴിയില്ലെന്നു വ്യക്തമായി.

ദെഷാംപ്‌സിന് പുതിയ കരാർ നൽകിയതിനു ശേഷം ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രെയ്റ്റ് നടത്തിയ പ്രസ്‌താവനകൾ സിദാനെ അവമതിക്കുന്ന തരത്തിലുള്ളതായിരുന്നു. സിദാൻ വിളിച്ചാൽ ഫോണെടുക്കില്ലെന്നു പറഞ്ഞ അദ്ദേഹം സിദാനെ മറ്റൊരു ടീമിന്റെ പരിശീലകസ്ഥാനത്തെത്തിക്കാൻ വേണ്ടിയൊരു പദ്ധതി തുടങ്ങാൻ തനിക്ക് കഴിയില്ലെന്നും പറഞ്ഞു. ഗ്രെയ്‌റ്റിന്റെ പ്രതികരണത്തിനെതിരെ ഫ്രാൻസ് സൂപ്പർതാരം എംബാപ്പെ, മുൻ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി എന്നിവർക്കു പുറമെ സിദാന്റെ മുൻ ക്ലബായ റയൽ മാഡ്രിഡും പ്രതിഷേധം അറിയിച്ചിരുന്നു. ഇതോടെ തന്റെ പരാമർശങ്ങൾക്ക് നോയൽ ലെ ഗ്രെയ്റ്റ് മാപ്പു പറഞ്ഞു രംഗത്തു വരികയും ചെയ്‌തു.

Zidane An Option To Replace Ancelotti At Real Madrid

ഫ്രാൻസ് ടീമിന്റെ പരിശീലകനാവാൻ കഴിയാതിരുന്ന സിദാൻ വീണ്ടും റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്തേക്ക് വരാനുള്ള സാധ്യതയുണ്ടെന്നാണു സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ട് ഇപ്പോൾ വെളിപ്പെടുത്തുന്നത്. നിലവിൽ റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആൻസലോട്ടി ഈ സീസണിനപ്പുറം ക്ലബിൽ തന്നെ തുടരുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. അദ്ദേഹം ക്ലബ് വിടുകയാണെങ്കിൽ സിനദിൻ സിദാനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് തയ്യാറാകുമെന്ന് സ്പോർട്ട് വെളിപ്പെടുത്തുന്നു. നേരത്തെ രണ്ടു തവണ റയൽ മാഡ്രിഡ് പരിശീലകനായി നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണ് സിനദിൻ സിദാൻ.

റയൽ മാഡ്രിഡിനൊപ്പം രണ്ടു ലീഗും മൂന്നു ചാമ്പ്യൻസ് ലീഗുമടക്കം പതിനൊന്നു കിരീടങ്ങളാണ് പരിശീലകനായിരുന്ന സമയത്ത് സിദാൻ സ്വന്തമാക്കിയത്. സിദാനെ പോലൊരു ഇതിഹാസം പരിശീലിപ്പിക്കുന്നത് തന്നെ താരങ്ങൾക്ക് പുതിയൊരു ഊർജ്ജം നൽകാറുണ്ട്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഓരോ തവണ റയൽ മാഡ്രിഡ് വിട്ടപ്പോഴും ക്ലബിന്റെ വാതിലുകൾ ഇനിയും സിദാനു മുന്നിൽ തുറക്കുമെന്ന് റയൽ മാഡ്രിഡ് നേതൃത്വം പറയുന്നത്. സിദാന്റെ തിരിച്ചുവരവ് റയൽ മാഡ്രിഡ് ആരാധകരും ആഗ്രഹിക്കുന്നുണ്ടെന്നതിൽ സംശയമില്ല. വീണ്ടുമൊരിക്കൽ കൂടി അത് സംഭവിക്കുമോയെന്നു കാത്തിരുന്നു കാണാം.

Carlo AncelottiFranceReal MadridZinedine Zidane
Comments (0)
Add Comment