ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണയെ കീഴടക്കി റയൽ മാഡ്രിഡ്. പരിക്കിന്റെ പ്രശ്നങ്ങൾ അലട്ടുന്ന ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ നിന്നും പുറത്താകുന്നതിന്റെ വക്കിൽ നിൽക്കെയാണ് ലീഗിലും തോൽവി വഴങ്ങിയത്. ഇതോടെ ലാ ലിഗയിലെ ഒന്നാം സ്ഥാനവും ടീമിന് നഷ്ടമായി. നേരത്ത രണ്ടു ടീമും പോയിന്റ് നിലയിൽ ഒപ്പമാണ് നിന്നതെങ്കിൽ ഇന്നത്തെ വിജയത്തോടെ റയൽ മാഡ്രിഡ് മൂന്നു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.
സ്വന്തം മൈതാനത്ത് റയൽ മാഡ്രിഡിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും ബാഴ്സക്കും അവസരങ്ങൾ തുറന്നെടുക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി മുതലെടുക്കാൻ അവർക്ക് കഴിയാതിരുന്നത് ഒരിക്കൽക്കൂടി അവർക്ക് തിരിച്ചടിയായി. അതേസമയം കൃത്യമായി അവസരങ്ങൾ മുതലെടുക്കാൻ കഴിഞ്ഞത് റയൽ മാഡ്രിഡിനെ ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളിന് മുന്നിലെത്തിച്ചു. ആദ്യപകുതിയിൽ ലെവൻഡോസ്കി ഒരു സുവർണാവസരം തുലച്ചതും ബാഴ്സലോണക്ക് തിരിച്ചടിയായി.
മത്സരത്തിലെ പതിനൊന്നാം മിനുട്ടിലാണ് റയൽ മാഡ്രിഡ് ഗോൾ നേടുന്നത്. വിനീഷ്യസ് ജൂനിയറിന്റെ ഷോട്ട് തടുത്തതിൽ നിന്നും വന്ന റീബൗണ്ടിൽ നിന്നും കരിം ബെൻസിമയാണ് വല കുലുക്കിയത്. നിരവധി മത്സരങ്ങൾക്ക് ശേഷമാണ് കരിം ബെൻസിമ റയൽ മാഡ്രിഡിനായി ഒരു ഗോൾ നേടുന്നത്. അതിനു ശേഷം മുപ്പത്തിനാലാം മിനുട്ടിൽ വാൽവെർദെ റയൽ മാഡ്രിഡിന്റെ ലീഡുയർത്തി. ബോക്സിനരികിൽ നിന്നുള്ള കനത്ത ഷോട്ടിലൂടെയാണ് യുറുഗ്വായ് താരം റയലിന്റെ രണ്ടാം ഗോൾ നേടിയത്.
Karim Benzema ⚽️
— BBC Sport (@BBCSport) October 16, 2022
Federico Valverde ⚽️
Rodrygo ⚽️
An #ElClasico win for Real Madrid!
They move above Barcelona to take the top spot in La Liga 🔝 #BBCFootball pic.twitter.com/1AzzcZUxZe
രണ്ടാം പകുതിയിൽ തിരിച്ചു വരാൻ വേണ്ടി ശ്രമിച്ച ബാഴ്സലോണക്ക് കൂടുതൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അത് കൃത്യമായി മുതലെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. മത്സരത്തിലുടനീളം അവർക്ക് തിരിച്ചടി നൽകിയതും അവസരങ്ങൾ ഗോളുകളിലേക്ക് എത്തിക്കാൻ കഴിയാതിരുന്നതു തന്നെയാണ്. എൺപതാം മിനുട്ടിനു ശേഷം ഫെറൻ ടോറസിലൂടെ ബാഴ്സ ഒരു ഗോൾ മടക്കിയെങ്കിലും തൊണ്ണൂറാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽ നിന്നും വല കുലുക്കി റോഡ്രിഗോ റയൽ മാഡ്രിഡിന്റെ വിജയമുറപ്പിച്ചു.
നിരവധി പ്രധാന താരങ്ങൾ പരിക്കേറ്റു പുറത്തിരിക്കുന്നത് ബാഴ്സലോണയുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്ന് അവരുടെ ശരീരഭാഷയിൽ നിന്നു തന്നെ വ്യക്തമാണ്. മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ഗോൾ നേടാൻ കഴിയാത്തത് ഇതിന്റെ കൂടി ഭാഗമായാണ്. അതേസമയം കൃത്യമായ അവസരങ്ങൾ മുതലെടുത്ത് റയൽ മാഡ്രിഡ് മത്സരം സ്വന്തമാക്കി. സീസണിൽ ബാഴ്സലോണയ്ക്ക് ഏതെങ്കിലും കിരീടം നേടാനുള്ള സാധ്യതയുണ്ടാകണമെങ്കിൽ മത്സരത്തിൽ പുലർത്തുന്ന മനോഭാവം മാറ്റേണ്ടത് അനിവാര്യമാണ്.