ഈ സീസണിൽ അതിഗംഭീരമായ കുതിപ്പാണ് ഇന്റർ മിലാൻ നടത്തുന്നത്. നാപ്പോളി സീരി എ നേടിയെങ്കിലും ഇറ്റലിയിലെ മറ്റു രണ്ടു കിരീടങ്ങളും സ്വന്തമാക്കിയ ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലുമെത്തി. അതിൽ കൂടി വിജയിക്കാൻ കഴിഞ്ഞാൽ അതിഗംഭീര നേട്ടമാണ് ഈ സീസണിൽ ഇന്ററിനു സ്വന്തമാവുക. ഇന്ററിന്റെ ഈ കുതിപ്പിൽ ടീമിനെ മുന്നിൽ നിന്നു നയിക്കുന്നത് അർജന്റീന മുന്നേറ്റനിര താരമായ ലൗടാരോ മാർട്ടിനസിന്റെ ഗോളടിമികവാണ്.
ഇന്ററിനു വേണ്ടി ഈ സീസണിന്റെ തുടക്കം മുതൽ മികച്ച ഫോമിൽ കളിക്കുന്ന ലൗടാരോ ലോകകപ്പിന് ശേഷം കൂടുതൽ മികവ് കാണിക്കാൻ തുടങ്ങി. എന്നാൽ ലോകകപ്പിൽ താരത്തിന്റെ പ്രകടനം വളരെ മോശമായിരുന്നു. ലയണൽ മെസി കഴിഞ്ഞാൽ സ്കലോണിക്ക് കീഴിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമായ ലൗടാരോ ലോകകപ്പിൽ നിറം മങ്ങിയതു കാരണം ജൂലിയൻ അൽവാരസ് അർജന്റീനയുടെ പ്രധാന സ്ട്രൈക്കറായി മാറുകയും ചെയ്തു.
🚨 Lautaro Martínez has now scored 27 club goals this season, the most he has ever scored in a single season! pic.twitter.com/YR8PDBVvez
— Roy Nemer (@RoyNemer) May 24, 2023
ലോകകപ്പിലെ തന്റെ മോശം ഫോമിനെക്കുറിച്ച് അതിനു ശേഷം താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ടൂർണമെന്റിൽ ആംഗിൾ ഇഞ്ചുറി സംഭവിച്ചതിനാൽ വലിയ വേദന സഹിച്ചാണ് താരം മത്സരങ്ങൾ കളിച്ചിരുന്നത്. പന്ത് തട്ടാൻ പോലും കഴിയാത്ത അവസ്ഥയിലാണ് താൻ ലോകകപ്പിനായി എത്തിയതെന്നും അൽവാരസ് മികച്ച പ്രകടനം നടത്തിയതിൽ സന്തോഷമുണ്ടെന്നും പറഞ്ഞ താരം പിന്നീട് ലയണൽ മെസി പരിക്ക് ഭേദമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഉപദേശം നൽകിയെന്നും പറഞ്ഞിരുന്നു.
എന്തായാലും ലോകകപ്പിന് ശേഷം പരിക്ക് പൂർണമായും ഭേദാമായാണ് ലൗടാരോ മാർട്ടിനസ് ഇന്റർ മിലാനിലേക്ക് തിരിച്ചു വന്നത്. ലോകകപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ അവിടെ നടത്താൻ കഴിയാതിരുന്ന പ്രകടനം ഇന്റർ മിലാനൊപ്പം നടത്തുന്ന താരത്തിന്റെ ചിറകിൽ ചാമ്പ്യൻസ് ലീഗും ടീമിന് നേടാൻ കഴിയുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. അത് നേടാൻ കഴിഞ്ഞാൽ ഇന്ററിന്റെ ഇതിഹാസമായി താരം മാറുമെന്ന കാര്യത്തിലും സംശയമില്ല.
Reason Of Lautaro Martinez Poor Form In World Cup