ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ സീസൺ അവസാനിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷ എഫ്സിക്കെതിരെ എൺപത്തിയാറാം മിനുട്ട് വരെ മുന്നിൽ നിന്നതിനു ശേഷം സമനില ഗോൾ വഴങ്ങുകയും അതിനു ശേഷം എക്സ്ട്രാ ടൈമിൽ മറ്റൊരു ഗോൾ കൂടി വഴങ്ങിയുമാണ് ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിൽ നിന്നും പുറത്തായത്.
മത്സരത്തിലുടനീളം രണ്ടു ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ആദ്യത്തെ ഗോൾ നേടുന്നതിന് മുൻപ് രണ്ടു വമ്പൻ അവസരങ്ങളാണ് അയ്മനും ചെർണിച്ചിനും ലഭിച്ചത്. എന്നാൽ അത് രണ്ടും മുതലെടുക്കാൻ അവർക്കായില്ല. അതിനു കഴിഞ്ഞിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി ഉറപ്പായും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി മാറുമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
A hard fought battle but our ISL campaign comes to end. #OFCKBFC #KBFC #KeralaBlasters pic.twitter.com/JdDd4bS0Ln
— Kerala Blasters FC (@KeralaBlasters) April 19, 2024
ഒഡിഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് ഗോൾകീപ്പർ ലാറാ ശർമ്മ പുറത്തു പോയതാണ്. അതുവരെ ഒഡിഷ എഫ്സിയുടെ ആക്രമണങ്ങളെ മികച്ച സേവുകളും ഇടപെടലുകളും നടത്തി തടഞ്ഞ താരം പരിക്കേറ്റു പുറത്തു പോയത് ബ്ലാസ്റ്റേഴ്സിന്റെ ചെറുത്തു നിൽപ്പിനെ ബാധിച്ചു. ഇതോടെ ഒരു പകരക്കാരനെ ഇറക്കാനുള്ള അവസരം കൂടിയാണ് നഷ്ടമായാത്.
അതിനു പുറമെ മൊഹമ്മദ് അയ്മനെ പിൻവലിച്ചത് ഏറ്റവും വലിയ തിരിച്ചടിയായി. ഒഡിഷ എഫ്സി താരങ്ങളിൽ ഏറ്റവും വലിയ ഭീഷണി അഹ്മദ് ജാഹു ആയിരുന്നു. മൊറോക്കൻ താരത്തെ അത്രയും നേരം കൃത്യമായി പൂട്ടിയത് അയ്മൻ ആയിരുന്നു. എന്നാൽ അയ്മൻ പോയതോടെ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ച ജാഹു ഒഡിഷ നേടിയ രണ്ടു ഗോളുകളിലും നിർണായകമായ പങ്കു വഹിക്കുകയും ചെയ്തു.
നവോച്ച സിംഗിന്റെ സസ്പെൻഷനും ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി നൽകിയിരുന്നു. ഇതോടെ റൈറ്റ്ബാക്കായ സന്ദീപ് സിങാണ് ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് കളിച്ചിരുന്നത്. ആ പൊസിഷനിൽ പരിചയസമ്പത്ത് കുറവാണെന്നത് താരത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. ഒഡിഷ എഫ്സിയുടെ രണ്ടു ഗോളുകളും പിറന്നത് സന്ദീപിന്റെ ഭാഗത്തു കൂടെയായിരുന്നു.
സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസിന്റെ അഭാവം ടീമിനെ ബാധിച്ചുവെന്നത് മത്സരം കണ്ട ഏതൊരാൾക്കും മനസിലായിട്ടുണ്ടാകും. ടീമിലെ പല താരങ്ങളും പുറത്തായിരുന്നെങ്കിലും മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. നിരവധി കരുത്തുറ്റ താരങ്ങളുള്ള ഒഡിഷ എഫ്സിക്കെതിരെ മികച്ച പോരാട്ടവീര്യം കാഴ്ച വെക്കാനും അവരെ വിറപ്പിക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
Reasons Of Kerala Blasters Loss Against Odisha FC