ജർമൻ ലീഗിൽ വലിയ വിവാദത്തിനു തിരി കൊളുത്തി ബൊറൂസിയ ഡോർട്ട്മുണ്ടും ബൊഷുമം തമ്മിൽ നടന്ന മത്സരത്തിനിടെയുണ്ടായ പെനാൽറ്റി വിവാദം. രണ്ടു ടീമുകളും ഒരു ഗോൾ നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് അനുകൂലമായി പെനാൽറ്റി നൽകാതിരുന്ന റഫറിയുടെ തീരുമാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതോടെ ലീഗ് കിരീടം നേടാനുള്ള ഡോർട്ട്മുണ്ടിന്റെ സാധ്യതകൾക്ക് മങ്ങലേറ്റിരുന്നു.
മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി നിൽക്കെ അറുപതാം മിനുട്ടിനു ശേഷമാണ് സംഭവം നടന്നത്. പന്തെടുക്കാൻ ശ്രമിച്ച ബൊറൂസിയ ഡോർട്ട്മുണ്ട് സ്ട്രൈക്കർ കരിം അദെയാമിയെ ബൊഷും താരം ബോക്സിൽ വീഴ്ത്തുകയായിരുന്നു. ഏതൊരാൾക്കും അതൊരു ക്ലിയർ ഫൗൾ ആണെന്ന് മനസിലാകുമായിരുന്നിട്ടും റഫറി അതനുവദിക്കാൻ തയ്യാറായില്ല. മാത്രമല്ല, വീഡിയോ റഫറിയോട് ദൃശ്യം പരിശോധിക്കാൻ പോലും റഫറി ആവശ്യപ്പെട്ടുമില്ല.
A reminder to everyone that this wasn't given as a penalty for Dortmund. pic.twitter.com/PFQCbi91vV
— Steelo (@Vicreus_11) April 28, 2023
ദൃശ്യങ്ങളിൽ നിന്നും അത് പെനാൽറ്റി അർഹിക്കുന്ന ഫൗൾ തന്നെയാണെന്ന് വ്യക്തമായിരുന്നു. സംഭവത്തിന് പിന്നാലെ ബൊറൂസിയ ഡോർട്ട്മുണ്ട് ബെഞ്ച് ശക്തമായ പ്രതിഷേധമാണ് റഫറിക്കെതിരെ ഉയർത്തിയത്. ടീമിന്റെ പരിശീലകൻ എഡിൻ ടെർസിച്ചിന് ഇതിന്റെ പേരിൽ മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു. മത്സരത്തിന് ശേഷം റഫറിക്കെതിരെ ഡോർട്ട്മുണ്ട് താരങ്ങളും സ്പോർട്ടിങ് ഡയറക്റ്ററുമെല്ലാം രംഗത്തെത്തുകയും ചെയ്തു.
മത്സരത്തിന് ശേഷം റഫറിയായ സാഷ സ്റ്റിഗ്മാൻ തന്റെ പിഴവ് സമ്മതിച്ച് രംഗത്തു വന്നിരുന്നു. അത്തരമൊരു പിഴവ് വരുത്തിയതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ജർമൻ റഫറിയിങ് കമ്മിറ്റിയും അതൊരു പെനാൽറ്റിയാണെന്നും റഫറിക്ക് തെറ്റു പറ്റിയെന്നും സമ്മതിച്ചിരുന്നു. റഫറിയെ ഭീരുവെന്നാണ് ബൊറൂസിയ ഡോർട്ട്മുണ്ട് സ്പോർട്ടിങ് ഡയറക്റ്റർ സെബാസ്റ്റ്യൻ കെഹ്ൽ വിശേഷിപ്പിച്ചത്.
വിലപ്പെട്ട രണ്ടു പോയിന്റുകളാണ് റഫറിയുടെ പിഴവിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് നഷ്ടമായത്. ഇപ്പോഴും ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഡോർട്ട്മുണ്ട് ആണെങ്കിലും ഒരു മത്സരം കുറവ് കളിച്ച ബയേൺ മ്യൂണിക്കിന് അവരെ മറികടക്കാൻ അവസരമുണ്ട്. ഈ സീസണിൽ ഒന്നോ രണ്ടോ പോയിന്റിന്റെ വ്യത്യാസത്തിൽ ഡോർട്ട്മുണ്ടിനു കിരീടം നഷ്ടമായാൽ അതിനു കാരണം ഈ തീരുമാനവും തന്നെയാകും.
Referee Controversially Denied Borussia Dortmund Penalty Against Bochum