ലിവർപൂൾ താരത്തിന്റെ മുഖത്തിടിച്ച് അസിസ്റ്റന്റ് റഫറി, വിവാദം പുകയുന്നു | Andy Robertson

ആഴ്‌സണലും ലിവർപൂളും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരം ആവേശകരമായ രീതിയിലാണ് അവസാനിച്ചത്. മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനുട്ടിൽ തന്നെ ആഴ്‌സണൽ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും അതിനു ശേഷം ലിവർപൂൾ ആധിപത്യം പുലർത്തിയ മത്സരത്തിൽ രണ്ടു ഗോളുകൾ അവർ തിരിച്ചടിച്ച് സമനില നേടി. ദൗർഭാഗ്യം കൊണ്ടു മാത്രമാണ് മത്സരത്തിൽ ലിവർപൂളിന് തോൽവി വഴങ്ങേണ്ടി വന്നത്.

അതേസമയം മത്സരത്തിനു ശേഷം ഒരു സംഭവം വിവാദങ്ങൾക്ക് വഴിയിട്ടുണ്ട്. മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ച് ടീമുകൾ ഡ്രസിങ് റൂമിലേക്ക് പോകുന്നതിനു മുൻപ് ലിവർപൂൾ ലെഫ്റ്റ് ബാക്കായ ആൻഡി റോബേർട്ട്സണെ മത്സരം നിയന്ത്രിച്ച ലൈൻറഫറിമാരിലൊരാൾ കൈമുട്ടു കൊണ്ട് ഇടിച്ചുവെന്ന വിവാദമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഉയർന്നു വന്നിട്ടുണ്ട്.

പല ആങ്കിളുകളിലുള്ള വീഡിയോ ദൃശ്യങ്ങൾ മത്സരത്തിന് ശേഷം ഉയർന്നു വന്നിട്ടുണ്ട്. ഇതിൽ സംസാരിച്ചു കൊണ്ടു മുന്നോട്ടു പോകുന്ന റോബെർട്ട്സണ് നേരെ ഒരു ഘട്ടത്തിൽ റഫറി കൈമുട്ട് ഉയർത്തുന്നത് വളരെ വ്യക്തമായ കാര്യമാണ്. എന്നാൽ താരത്തിന്റെ മുഖത്ത് ഇടികൊണ്ടോയെന്നത് വ്യക്തമല്ല. എന്തായാലും റഫറിയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്ത തരത്തിലുള്ള പ്രതികരണം തന്നെയായിരുന്നു അവിടെ സംഭവിച്ചത്.

ആ സമയത്തു തന്നെ പ്രധാന റഫറിയോട് തനിക്കു നേരെ ഉണ്ടായ പെരുമാറ്റം റോബെർട്ട്സൺ വെളിപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാൽ അതിൽ കൂടുതൽ ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല താരത്തിന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്‌തു. എന്നാൽ മത്സരത്തിന് ശേഷം സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യം പരിശോധിക്കുന്നുണ്ട്. ഇതിനു പുറമെ റഫറിമാരുടെ അസോസിയേഷനും ഇതിനെ ഗൗരവമായി തന്നെ കാണുന്നുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലെ ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നിൽ രണ്ടു പ്രധാന ടീമുകൾ തമ്മിൽ നടന്ന മത്സരത്തിന്റെ ഇടയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിന്റെ ഗൗരവസ്വഭാവവും കൂടുതലാണ്. റഫറിക്കെതിരെ എന്തായാലും വലിയ രീതിയിലുള്ള ഒരു നടപടി തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

Content Highlights: Assistant Referee Elbowed Andy Robertson

Andy RobertsonArsenalLiverpool
Comments (0)
Add Comment