ബ്ലാസ്റ്റേഴ്‌സിന്റെ വിജയം നിഷേധിച്ചത് റഫറിമാരും, മത്സരത്തിൽ വരുത്തിയത് നിരവധി പിഴവുകൾ | Kerala Blasters

കൊച്ചിയുടെ മൈതാനത്തെ ചൂട് പിടിപ്പിച്ചാണ് ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിലുള്ള സതേൺ ഡെർബി സമനിലയിൽ പിരിഞ്ഞത്. ഇരുപത്തിനാലാം മിനുട്ടിൽ തന്നെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിലായിപ്പോയ ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം അതിശക്തമായ രീതിയിൽ തിരിച്ചു വരവ് നടത്തി അറുപതാം മിനുട്ടിൽ തന്നെ സമനില നേടിയെടുത്തു. വിജയം നേടാൻ അവസരം ഉണ്ടായിരുന്നെങ്കിലും അവസരങ്ങൾ മുതലെടുക്കാൻ അവർക്ക് കഴിഞ്ഞില്ല.

അതേസമയം റഫറിയുടെ തെറ്റായ തീരുമാനങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിന് മത്സരത്തിൽ വലിയ തിരിച്ചടി നൽകിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മത്സരത്തിന്റെ ആദ്യത്തെ മിനുട്ടിൽ തന്നെ വഴങ്ങിയ ഗോൾ അതിനൊരു വലിയ ഉദാഹരണമാണ്. റാഫേൽ ക്രിവെയറോ ഫ്രീകിക്ക് എടുക്കുന്ന സമയത്ത് റഹിം അലി ഓഫ്‌സൈഡ് പൊസിഷനിൽ ആയിരുന്നു. റഹിം അലിയുടെ ബാക്ക്ഹീൽ ഫ്ലിക്ക് നടക്കുന്ന സമയത്ത് മറ്റൊരു ചെന്നൈയിൻ എഫ്‌സി താരം ഓഫ്‌സൈഡ് പൊസിഷനിൽ നിന്നു പന്ത് വലയിലെത്തിക്കാനും ശ്രമിച്ചിരുന്നു.

രണ്ട് ഓഫ്‌സൈഡുകൾ അവിടെ സംഭവിച്ചുവെങ്കിലും റഫറി അതൊന്നും കാണാതെ ഗോൾ വിധിക്കുകയായിരുന്നു. അതിനു പുറമെയും റഫറി തെറ്റുകൾ ആവർത്തിച്ചു. ആദ്യപകുതിയിൽ അഡ്രിയാൻ ലൂണ ഒരു ഹെഡറിനു ശ്രമിച്ച് വായുവിൽ നിൽക്കുന്ന സമയത്താണ് ഒരു ചെന്നൈ താരം പിന്നിൽ നിന്നും തള്ളിയത്. എന്നാൽ റഫറി അതും നൽകാൻ തയ്യാറായില്ല. ഇതിനു പുറമെ രണ്ടാം പകുതിയിൽ ഒരു ചെന്നൈ താരം ചുവപ്പുകാർഡ് അർഹിക്കുന്ന ഫൗൾ നടത്തിയതും റഫറി പരിഗണിച്ചില്ല.

റഫറിയിങ് കൃത്യമായി നടന്നിരുന്നെങ്കിൽ ഒരു ഗോളിന്റെ ലീഡിനെങ്കിലും ബ്ലാസ്റ്റേഴ്‌സ് വിജയിക്കേണ്ട മത്സരമായിരുന്നു ഇന്നലത്തേത്. ഇതാദ്യമായല്ല റഫറിയിങ് പിഴവുകൾ ബ്ലാസ്റ്റേഴ്‌സിന് മത്സരത്തിലെ വിജയം ഇല്ലാതാക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ പ്ലേഓഫിൽ നിന്നും പുറത്താകാൻ തന്നെ കാരണം റഫറിയുടെ മാരകമായ പിഴവാണ്. ഈ സീസണിലും റഫറിയുടെ പിഴവുകൾ ആവർത്തിച്ചതിനെ തുടർന്ന് ആരാധകർ പ്രതിഷേധം ഉയർത്തിയിരുന്നു.

ഐഎസ്എല്ലിൽ റഫറിയിങ് പിഴവുകൾ സ്ഥിരമായി തുടരുമ്പോഴും ഇതിനെതിരെ നടപടി എടുക്കേണ്ട എഐഎഫ്എഫ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണിൽ വീഡിയോ റഫറിയിങ് സംവിധാനം ഇന്ത്യൻ സൂപ്പർ ലീഗിൽ കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും അതിനുള്ള യാതൊരു നടപടിയും ഉണ്ടായില്ല. ഇപ്പോൾ പറയുന്നത് 2025-26 സീസണിൽ VAR കൊണ്ടു വരുമെന്നാണ്. എന്തായാലും ഈ പിഴവുകൾ ക്ലബുകൾക്ക് വലിയ തിരിച്ചടിയാണ് നൽകിക്കൊണ്ടിരിക്കുന്നത്.

Referee Mistakes Cost Kerala Blasters Win Against CFC

Chennaiyin FCIndian Super LeagueISLKerala BlastersReferee
Comments (0)
Add Comment