ലിവർപൂളിന്റെ പോരാട്ടവീര്യത്തെ തോൽപ്പിച്ചത് മോശം റഫറിയിങ്, ഒടുവിൽ ക്ഷമാപണം | Liverpool

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ പോരാട്ടവീര്യവും റഫറിമാരുടെ വളരെ മോശം തീരുമാനങ്ങളും കണ്ട മത്സരമായിരുന്നു ഇന്നലെ നടന്നത്. ടോട്ടനത്തിനെതിരെ നടന്ന മത്സരത്തിൽ ഇരുപത്തിയാറാം മിനുട്ടിൽ ജോൺസും അറുപത്തിയൊമ്പതാം മിനുട്ടിൽ ജോട്ടയും ചുവപ്പുകാർഡ് നേടി പുറത്തു പോയ ലിവർപൂൾ ടോട്ടനത്തിന്റെ മൈതാനത്ത് സമനില നേടേണ്ടതായിരുന്നു. എന്നാൽ കളിയുടെ അവസാന മിനുട്ടിൽ ജോയേൽ മാറ്റിപ് വഴങ്ങിയ സെൽഫ് ഗോൾ ലിവർപൂളിന് തോൽവി സമ്മാനിച്ചു.

മത്സരം ആര മണിക്കൂർ പിന്നിടും മുൻപ് തന്നെ ജോൺസ് ഡയറക്റ്റ് റെഡ് കാർഡ് വാങ്ങി പുറത്തു പോയിരുന്നു. അതിനു പിന്നാലെയാണ് സോൺ ടോട്ടനത്തെ മുന്നിലെത്തിച്ചത്. എന്നാൽ പത്ത് പേരായി ചുരുങ്ങിയിട്ടും മികച്ച പോരാട്ടവീര്യം കാണിച്ച ലിവർപൂൾ ആദ്യപകുതിയിൽ തന്നെ ഗാക്പോ നേടിയ ഗോളിലൂടെ ഒപ്പമെത്തി. അതിനു ശേഷം രണ്ടാം പകുതിയിൽ ജോട്ട കൂടി ചുവപ്പുകാർഡ് നേടി പോയതോടെ ലിവർപൂൾ തളരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അവസാനനിമിഷം വരെ പിടിച്ചു നിൽക്കാൻ അവർക്ക് കഴിഞ്ഞു. എന്നാൽ മാറ്റിപ്പിന്റെ സെൽഫ് ഗോൾ ടീമിന് വലിയൊരു നിരാശയായി മാറി.

അതേസമയം ലിവർപൂളിന്റെ തോൽവിക്ക് പ്രധാന കാരണം റഫറിമാരാണെന്നതിൽ യാതൊരു സംശയവുമില്ല. മത്സരത്തിൽ ടീമിന് അർഹിക്കപ്പെട്ട ഒരു ഗോൾ റഫറി നിഷേധിച്ചിരുന്നു. ലൂയിസ് ഡയസ് നേടിയ ഗോളാണ് ഓഫ്‌സൈഡാണെന്ന കാരണത്താൽ നിഷേധിക്കപ്പെട്ടത്. എന്നാൽ വീഡിയോ ദൃശ്യങ്ങളിൽ എല്ലാവർക്കും അത് ഓൺസൈഡാണെന്ന് വ്യക്തമാകുമായിരുന്നു. എന്നാൽ വീഡിയോ റഫറി അതിൽ ഇടപെടാനോ തിരുത്താനോ പോയില്ലെന്നത് ആശ്ചര്യം തന്നെയാണ്.

ജോട്ടക്ക് ലഭിച്ച ചുവപ്പുകാർഡാണ്‌ മറ്റൊരു തെറ്റായ തീരുമാനം. രണ്ടു മഞ്ഞക്കാർഡുകളാണ് ചുവപ്പുകാർഡായി മാറിയത്. ടോട്ടനം ഹോസ്‌പർ താരം പന്തുമായി മുന്നേറുന്നതിനിടെ പിന്നിൽ നിന്നും ഫൗൾ ചെയ്‌തതിനാണ് പകരക്കാരനായി ഇറങ്ങിയ താരത്തിന് ആദ്യത്തെ മഞ്ഞക്കാർഡ് ലഭിച്ചത്. എന്നാൽ വീഡിയോ ദൃശ്യങ്ങളിൽ നിന്നും സ്വന്തം കാലിൽ തട്ടിയാണ് ടോട്ടനം താരം വീണതെന്നു വ്യക്തമായിരുന്നു. ആ തെറ്റായ തീരുമാനം ലിവർപൂൾ ഒൻപത് പേരായി ചുരുങ്ങുന്നതിനാണ് വഴിയൊരുക്കിയത്.

മത്സരത്തിന് ശേഷം ഡയസ് നേടിയ ഗോൾ ഓഫ്‌സൈഡ് വിളിച്ചതിലും അതിന്റെ വീഡിയോ ചെക്കിങ്ങിലും മാനുഷികപരമായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നു പിജിഎംഒഎൽ പ്രസ്‌താവന ഇറക്കിയിരുന്നു. വീഡിയോ റഫറി ഇടപെടൽ നടത്തി ആ ഗോൾ അനുവദിക്കേണ്ടതായിരുന്നുവെന്നും എന്നാൽ വീഡിയോ റഫറി അതിൽ ഇടപെട്ടില്ലെന്നുമാണ് അവർ വെളിപ്പെടുത്തിയത്. ഫലമോ, ലിവർപൂളിന് വിജയം നിഷേധിക്കപ്പെടുകയും ഈ സീസണിലെ ആദ്യത്തെ തോൽവി വഴങ്ങുകയും വേണ്ടി വന്നു.

Referee Mistakes Reason For Liverpool Loss Against Tottenham

English Premier LeagueEPLLiverpoolTottenham Hotspur
Comments (0)
Add Comment