മെസിയും നെയ്‌മറും എംബാപ്പയും ഒരുമിച്ചിറങ്ങുന്നത് എതിരാളികൾക്ക് ഗുണം ചെയ്യുന്നുണ്ടോ

2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസിയെ സ്വന്തമാക്കിയതോടെ ലോകഫുട്ബോളിലെ തന്നെ ഏറ്റവും കരുത്തുറ്റ മുന്നേറ്റനിര പിഎസ്‌ജിക്ക് സ്വന്തമായിരുന്നു. എന്നാൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ അവർക്ക് കഴിഞ്ഞില്ല. ലീഗ് കിരീടം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ പുറത്തായ ടീമിൽ നിന്നും പരിശീലകനായിരുന്ന പോച്ചട്ടിനോയും പുറത്തു പോയി. പകരക്കാരനായി ക്രിസ്റ്റഫെ ഗാൾട്ടിയാർ എത്തുകയും ചെയ്‌തു.

ഗാൾട്ടിയർക്ക് കീഴിൽ ലോകകപ്പ് വരെ മികച്ച പ്രകടനമാണ് പിഎസ്‌ജി നടത്തിയത്. മെസി, നെയ്‌മർ, എംബാപ്പെ സഖ്യം താളം കണ്ടെത്തിയെന്ന് എല്ലാവരും കരുതി. എന്നാൽ ലോകകപ്പിന് ശേഷം മോശം ഫോമിലാണ് പിഎസ്‌ജി കളിക്കുന്നത്. ഏഴു മത്സരങ്ങൾ കളിച്ച അവർ അതിൽ രണ്ടെണ്ണത്തിൽ തോൽവി വഴങ്ങുകയും ഒന്നിൽ സമനില നേടുകയും ചെയ്‌തു. കഴിഞ്ഞ മത്സരത്തിൽ റീംസിനെതിരെയാണ് പിഎസ്‌ജി സമനില വഴങ്ങിയത്.

പിഎസ്‌ജിക്കെതിരെ അവസാനനിമിഷത്തിൽ സമനില ഗോൾ വഴങ്ങിയതിനു ശേഷം റീംസ് ഡിഫെൻഡറും മൊറോക്കൻ താരവുമായ യൂനിസ് അബ്ദെൽഹമദ്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ലയണൽ മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ താരങ്ങളുള്ള പിഎസ്‌ജിക്കെതിരെ കളിക്കുകയെന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നു പറഞ്ഞ താരം അതിന്റെ കാരണവും വ്യക്തമാക്കി.

“പന്തുമായി ഞങ്ങൾ വരുന്ന സമയത്ത് അത് കുറച്ചുകൂടി അനായാസമായി തോന്നും. കാരണം മെസി, എംബാപ്പെ, നെയ്‌മർ തുടങ്ങിയ താരങ്ങൾ പ്രതിരോധത്തെ സഹായിക്കില്ല. ഫ്രന്റ് ലൈൻ കടന്നു കഴിഞ്ഞാൽ ഈ താരങ്ങൾ വളരെ ദുർബലമായ പ്രെസ്സിങ് മാത്രമേ നടത്തൂവെന്ന് ഞങ്ങൾക്കറിയാം. എന്നാൽ അവർ പന്തുമായി വരുന്ന സമയത്ത് ഞങ്ങൾ ബുദ്ധിമുട്ടാറുണ്ട്.” യൂനിസ് പറഞ്ഞു.

പ്രതിരോധത്തെ ഈ മൂന്നു താരങ്ങളും കാര്യമായി സഹായിക്കുന്നില്ലെന്ന് നേരത്തെ തന്നെ പലരും ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യമാണ്. ഈ മൂന്നു താരങ്ങളും ഒരുമിച്ച് കളിക്കുന്ന സമയത്തുള്ള പ്രധാന വെല്ലുവിളിയും അതു തന്നെയാണ്. ആക്രമണത്തിൽ കരുത്ത് നൽകുമെങ്കിലും അതിനൊപ്പം കൃത്യമായി പ്രതിരോധിക്കുകയും ചെയ്‌താൽ മാത്രമേ പുതിയ നേട്ടങ്ങൾ പിഎസ്‌ജിക്ക് സ്വന്തമാക്കാൻ കഴിയൂ.

Kylian MbappeLionel MessiNeymarPSGReims
Comments (0)
Add Comment