ഒരു സാധാരണ ഫുട്ബോൾ താരത്തെ അവിശ്വസനീയ ഫോമിലെത്തിച്ച മെസി മാജിക്ക്, മെസിക്കൊപ്പം നിൽക്കുന്ന പ്രകടനവുമായി ടെയ്‌ലർ | Messi

ഫിന്നിഷ് ഫുട്ബോൾ താരമായ റോബർട്ട് ടെയ്‌ലർ ഫുട്ബോൾ ആരാധകർക്ക് ഒട്ടും പരിചിതനായ ഒരു താരമായിരുന്നില്ല. യൂറോപ്പിലെ ഏതാനും അറിയപ്പെടാത്ത ക്ലബുകൾക്ക് വേണ്ടി കളിച്ചതിനു ശേഷം കഴിഞ്ഞ വർഷം ഇന്റർ മിയാമിയിലെത്തിയ താരം പക്ഷെ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് ലയണൽ മെസിക്കൊപ്പമാണ്. ലയണൽ മെസി ഇന്റർ മിയാമിയിൽ അരങ്ങേറ്റം നടത്തിയതിനു ശേഷം മെസിക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് ടെയ്‌ലർ നടത്തുന്നത്.

ലയണൽ മെസി ക്രൂസ് അസൂലിനെതിരെ അരങ്ങേറ്റം നടത്തിയ മത്സരത്തിൽ ആദ്യപകുതിയിൽ ഇന്റർ മിയാമിയുടെ ഗോൾ നേടിയത് റോബർട്ട് ടെയ്‌ലറായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളോടെ ലയണൽ മെസി ടീമിനെ വിജയിപ്പിക്കുകയും ചെയ്‌തു. അതിനു ശേഷം ഇന്നലെ നടന്ന മത്സരത്തിൽ ലയണൽ മെസി രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോൾ ടെയ്‌ലറും രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി.

മെസി എട്ടാം മിനുട്ടിലും ഇരുപത്തിരണ്ടാം മിനുട്ടിലും ഗോളുകൾ നേടിയപ്പോൾ റോബർട്ട് ടെയ്‌ലർ നാൽപത്തിനാലാം മിനുട്ടിലും അമ്പത്തിമൂന്നാം മിനുട്ടിലും ഗോളുകൾ സ്വന്തമാക്കി.ടെയ്‌ലർ നേടിയ രണ്ടാമത്തെ ഗോളിന്റെ അസിസ്റ്റ് മെസിയാണ് നൽകിയത്. അതിനു പകരം ലയണൽ മെസി രണ്ടാമത് നേടിയ ഗോളിന് ടെയ്‌ലറും അസിസ്റ്റ് നൽകി. ടെയ്‌ലർ മെസിക്ക് നൽകിയ അസിസ്റ്റ് താരവുമായി മികച്ച ഒത്തിണക്കം തനിക്കുണ്ടാകുമെന്നതിന്റെ സൂചന നൽകുന്നതായിരുന്നു.

അമേരിക്കൻ ലീഗിൽ ഈ സീസണിൽ പത്തൊൻപതു മത്സരങ്ങളിലാണ് ടെയ്‌ലർ കളിച്ചത്. രണ്ടു ഗോളും ഒരു അസിസ്റ്റുമാണ് ഇതുവരെ താരം സ്വന്തമാക്കിയത്. എന്നാൽ ലയണൽ മെസി വന്നതിനു ശേഷം ലീഗ് കപ്പിൽ രണ്ടു മത്സരങ്ങൾ കളിച്ചപ്പോൾ താരത്തിന്റെ പേരിൽ മൂന്നു ഗോളും ഒരു അസിസ്റ്റുമുണ്ട്. താരം നേടിയ ഗോളുകളെല്ലാം വളരെ മികച്ചതായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. അതിൽ തന്നെ കഴിഞ്ഞ മത്സരത്തിൽ ക്രൂസ് അസൂലിനെതിരെ നേടിയ ഗോൾ ഒന്നാന്തരമായിരുന്നു.

ലയണൽ മെസിക്കൊപ്പം കൂടുതൽ ചേർന്ന് കളിക്കാൻ തുടങ്ങിയാൽ കൂടുതൽ മികച്ച പ്രകടനം തനിക്ക് നടത്താൻ കഴിയുമെന്ന് റോബർട്ട് ടെയ്‌ലർ തെളിയിക്കുന്നു. ഈ പ്രകടനം ലീഗിലെ വമ്പൻ ക്ലബുകളുമായും നടത്താൻ കഴിഞ്ഞാൽ ഇന്റർ മിയാമിക്ക് ഈ സീസണിൽ തന്നെ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയും. നിലവിൽ എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ഇന്റർ മിയാമിക്ക് അടുത്ത മത്സരത്തിൽ നാല് സ്ഥാനങ്ങൾ മുകളിൽ നിൽക്കുന്ന ചാർലറ്റ് ആണ് എതിരാളികൾ.

Robert Taylor In Superb Form After Messi Arrival

Inter MiamiLionel MessiMLSRobert Taylor
Comments (0)
Add Comment