ഇന്ത്യൻ ഫുട്ബോൾ വലിയ കുതിപ്പിലാണ്, യൂറോപ്പിലെ വമ്പൻ ടീമുകളുമായി മത്സരിക്കണമെന്ന് രോഹിത് ശർമ | Rohit Sharma

2023 ഇന്ത്യൻ ഫുട്ബോൾ ടീമിനെയും ആരാധകരെയും സംബന്ധിച്ച് ഒരു സുവർണ വർഷമാണ്. ഇഗോർ സ്റ്റിമാച്ചിന് കീഴിൽ മികച്ച രീതിയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം തെളിയിച്ചു. കളിച്ച മൂന്നു ടൂർണമെന്റുകളിലും കിരീടം സ്വന്തമാക്കിയ ഇന്ത്യ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിന്റെ ഉള്ളിലേക്ക് എത്തുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ലാ ലിഗ ഇഎ സ്പോർട്ട്സിന്റെ പ്രൊമോഷനായി എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ ഐഎസ്എൽ ഇന്ത്യൻ ടീമിന്റെ കുതിപ്പിന് പ്രധാന പങ്കു വഹിച്ചുവെന്ന അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി.

“ഇന്ത്യൻ ഫുട്ബോൾ ടീം വലിയൊരു കുതിച്ചുചാട്ടമാണ് നടത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് അതിനു വലിയ രീതിയിലുള്ള പങ്ക് വഹിക്കുകയും ചെയ്‌തു. പ്രധാന കാര്യം പുതിയ താരങ്ങൾ കൂടുതൽ വെളിച്ചത്തിലേക്ക് വരാൻ സഹായിച്ചുവെന്നതുമാണ്. ക്രിക്കറ്റിന്റെ കാര്യമെടുത്താലും ഐപിഎൽ ആരംഭിച്ചതിനു ശേഷം നിരവധി പ്രാദേശിക കളിക്കാർക്ക് ദേശീയ ടീമിലെ താരങ്ങളോടൊപ്പം കളിക്കാനുള്ള അവസരം ലഭിച്ചു. ഇന്ത്യയിലെ ലീഗുകൾ അതൊക്കെയാണിപ്പോൾ ചെയ്യുന്നത്.”

“ഇന്ത്യൻ ഫുട്ബോൾ ടീം ഏതെങ്കിലും യൂറോപ്യൻ ടീമുകളുമായി നേർക്കുനേർ പോരാടണമെന്ന ആഗ്രഹം എനിക്കുണ്ട്. ഞാൻ കാണുമ്പോഴെല്ലാം അവർ വളരെയധികം ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. ഒരുപാട് കഴിവുകളും അവർക്കുണ്ട്, എന്നാൽ അത് പ്രദർശിപ്പിക്കാനുള്ള അവസരമാണ് വേണ്ടത്. യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അവർ എത്രത്തോളം കൂടുതൽ കളിക്കുന്നുവോ, അതിനനുസരിച്ച് അവർ മെച്ചപ്പെടുമെന്നതിൽ സംശയമില്ല.” രോഹിത് ശർമ്മ പറഞ്ഞു.

2023ൽ ഇന്ത്യ ആദ്യമായി സ്വന്തമാക്കിയത് ത്രിരാഷ്ട്ര ടൂർണമെന്റ് കിരീടമായിരുന്നു. അതിനു ശേഷം അടുത്തടുത്ത മാസങ്ങളിൽ ഇന്റർകോണ്ടിനെന്റൽ കപ്പ്, സാഫ് ചാമ്പ്യൻഷിപ്പ് എന്നിവയും സ്വന്തമാക്കി. കിരീടനേട്ടം എന്നതിലുപരിയായി ഇന്ത്യ ആത്മവിശ്വാസത്തോടെ, മനോഹരമായ ഫുട്ബോൾ കളിക്കുന്നു എന്നത് ആരാധകർക്ക് കൂടുതൽ സന്തോഷമാണ്. ഇനി ചൈനയിൽ വെച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസ്, തായ്‌ലൻഡിൽ വെച്ച് നടക്കുന്ന കിങ്‌സ് കപ്പ് എന്നിവയാണ് ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ടൂർണമെന്റുകൾ.

Rohit Sharma Speaks About Indian Football Team

Indian FootballIndian Football TeamRohit Sharma
Comments (0)
Add Comment