“വീട്ടിൽ പോയിരുന്നു കരഞ്ഞോളൂ”- ടോട്ടനത്തിന്റെ വിജയത്തിൽ മാക് അലിസ്റ്ററോട് റോമെറോ | Romero

വളരെ ആവേശകരവും അതുപോലെ തന്നെ വിവാദപരമായ തീരുമാനങ്ങൾ നിറഞ്ഞതുമായിരുന്നു ഇന്നലെ നടന്ന ടോട്ടനവും ലിവർപൂളും തമ്മിലുള്ള പ്രീമിയർ ലീഗ് മത്സരം. കളി അര മണിക്കൂർ പിന്നിടും മുൻപേ ആദ്യത്തെ ചുവപ്പുകാർഡ് വാങ്ങിയ ലിവർപൂൾ രണ്ടാം പകുതിയിൽ ജോട്ടയും ചുവപ്പുകാർഡ് വാങ്ങിയതോടെ അവസാന ഇരുപത് മിനുട്ടിലധികം ഒൻപതു പേരുമായാണ് കളിച്ചത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടോട്ടനം വിജയം നേടുകയും ചെയ്‌തു.

മത്സരത്തിൽ ലിവർപൂൾ നേടിയ ഒരു ഗോൾ അനുവദിക്കാതിരുന്നത് റഫറിയുടെ പിഴവായിരുന്നുവെന്ന് പിന്നീട് ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിരുന്നു. അതിനു പുറമെ രണ്ടു മഞ്ഞക്കാർഡ് വാങ്ങി പുറത്തു പോയ ജോട്ട ഒരു മഞ്ഞക്കാർഡിന് അർഹനല്ലായിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതാണ്. ചുരുക്കി പറഞ്ഞാൽ ടോട്ടനത്തിന്റെ വിജയം റഫറിയുടെ പിഴവുകളുടെ കൂടി ഫലമായിരുന്നു. അതില്ലായിരുന്നെങ്കിൽ ചിലപ്പോൾ മത്സരം ലിവർപൂൾ തന്നെ വിജയിച്ചേനെ.

മത്സരത്തിനു ശേഷം സോഷ്യൽ മീഡിയ മുഴുവൻ റഫറിയുടെ പിഴവുകളുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടന്നിരുന്നത്. അതിനിടയിൽ മത്സരത്തിൽ ടോട്ടനത്തിനും ലിവർപൂളിനും വേണ്ടി കളിച്ച അർജന്റീന താരങ്ങളായ അലക്‌സിസ് മാക് അലിസ്റ്ററും ക്രിസ്റ്റ്യൻ റൊമേറോയും തമ്മിൽ ചെറിയൊരു സൗഹൃദപോരും നടക്കുകയുണ്ടായി. ടോട്ടനം ഡിഫെൻഡറായ റൊമേറോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് താരങ്ങൾ തമ്മിൽ ഡയലോഗടി ഉണ്ടായത്.

മത്സരത്തിൽ ടോട്ടനം ഹോസ്‌പർ വിജയം നേടിയതിന്റെ സന്തോഷത്തിൽ റോമെറോ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്‌തിരുന്നു. അതിനു താഴെ കമന്റായി “പന്ത്രണ്ടു പേരുമായി കളിക്കുമ്പോൾ വിജയം സ്വാഭാവികം” എന്നാണു അലിസ്റ്റർ കുറിച്ചത്. റഫറി അവരെ വേണ്ടുവോളം സഹായിച്ചു എന്നാണു അർജന്റീന മധ്യനിര താരം ഉദ്ദേശിച്ചത്. അതിനുള്ള റൊമേരോയുറെ മറുപടി കുറച്ച് കടുപ്പമായിരുന്നു. “വീട്ടിൽ പോയിരുന്നു കരയൂ” എന്നാണു താരം മറുപടിയായി കുറിച്ചത്.

കഴിഞ്ഞ ലോകകപ്പിൽ കിരീടം നേടാൻ നിർണായക പങ്കു വഹിച്ച താരങ്ങളാണ് അലിസ്റ്ററും റൊമേറോയും. ഇരുവരും തമ്മിൽ മികച്ച ബന്ധവും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തമാശയെന്ന രൂപത്തിൽ മാത്രമാണ് ഈ സംസാരം നടന്നിരിക്കുന്നത്. തോൽവിയോടെ ലിവർപൂളിന്റെ അപരാജിത കുതിപ്പ് അവസാനിച്ചപ്പോൾ ടോട്ടനം ഇപ്പോഴും പ്രീമിയർ ലീഗിൽ അപരാജിതരായി തുടർന്ന് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.

Romero Hit Back Allister After Tottenham Win

Alexis Mac AllisterArgentinaCristian RomeroLiverpoolTottenham Hotspur
Comments (0)
Add Comment