യൂറോ കപ്പിലെ പോർച്ചുഗലിന്റെ വിജയത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റ് വാർത്തകളിൽ ഇടം നേടുകയാണ്. ഈ യൂറോ കപ്പിലെ ആദ്യത്തെ ഗോൾ നേടാനുള്ള അവസരം മുന്നിൽ നിൽക്കെയാണ് നിസ്വാർത്ഥമായ മനസോടെ റൊണാൾഡോ അത് ബ്രൂണോ ഫെർണാണ്ടസിന് നൽകിയത്. താരത്തിന്റെ പ്രവൃത്തി ഒരുപാട് പ്രശംസയേറ്റു വാങ്ങുകയും ചെയ്‌തു.
ഫുട്ബോൾ മത്സരങ്ങളിൽ ഇതുപോലെയുള്ള അസിസ്റ്റുകൾ സ്വാഭാവികമാണെന്നിരിക്കെ റൊണാൾഡോയുടെ അസിസ്റ്റിനെ ഇത്രയധികം വാഴ്‌ത്തേണ്ടതുണ്ടോ എന്ന് ചോദിക്കുന്നവർ കുറവല്ല. എന്നാൽ വെറുമൊരു അസിസ്റ്റിനപ്പുറം അതിനൊരുപാട് മാനങ്ങളുണ്ട്. അതിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ സന്ദേശവും വളരെ വലിയ ഒന്നാണ്.
Unselfishly Ronaldo give a clear goal chance to give Bruno an assist 🐐🇵🇹
Portugal are 3 up now pic.twitter.com/8L8XaMQnYV— Rasmus Hoejlund (@RasmusHojlund02) June 22, 2024
പോർച്ചുഗൽ ടീമിന് ഒത്തിണക്കം കുറവാണെന്നും റൊണാൾഡോ ടീമിൽ ഒറ്റപ്പെട്ടു പോകുന്നുണ്ടെന്നും ആദ്യത്തെ മത്സരം കഴിഞ്ഞപ്പോൾ പലരും വിലയിരുത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിലും അങ്ങിനെ തോന്നിപ്പിക്കുന്ന ചില നിമിഷങ്ങൾ ഉണ്ടായിരുന്നു. റൊണാൾഡോ മികച്ച പൊസിഷനിൽ നിൽക്കുമ്പോൾ പാസ് നൽകാതെ ബ്രൂണോ ഫെർണാണ്ടസ് ഷോട്ട് പുറത്തേക്കടിച്ചു കളയുകയായിരുന്നു.
ആ സമയത്ത് ബ്രൂണൊയോട് പ്രതിഷേധിച്ചെങ്കിലും അതിനു ശേഷം മികച്ചൊരു അവസരം ലഭിച്ചപ്പോൾ ബ്രൂണൊക്ക് തന്നെ ഗോളടിക്കാനുള്ള അവസരം റൊണാൾഡോ ഒരുക്കിക്കൊടുത്തു. അതിലൂടെ ടീമിലെ താരങ്ങൾ എന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും മറ്റെന്തിനേക്കാളും വലുത് കിരീടമാണെന്നുമുള്ള സന്ദേശം കൂടിയാണ് റൊണാൾഡോ നൽകിയത്.
ആ ഒരു അസിസ്റ്റ് പോർച്ചുഗൽ ടീമിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത മത്സരം മുതൽ കൂടുതൽ അവസരങ്ങൾ റൊണാൾഡോയെ തേടിയെത്താനും സാധ്യതയുണ്ട്. ഈ യൂറോ കപ്പ് നേടേണ്ടത് റൊണാൾഡോയെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്. അതിനു വേണ്ടി തന്നെയാണ് താരം നിസ്വാർത്ഥമായ സമീപനം കളിക്കളത്തിൽ പുലർത്തുന്നതും.