സൗദി അറേബ്യയിൽ റൊണാൾഡോയുടെ ആദ്യത്തെ മത്സരം പിഎസ്ജിക്കെതിരെ നടന്ന സൗഹൃദമത്സരമായിരുന്നെങ്കിൽ കഴിഞ്ഞ ദിവസമാണ് താരം സൗദി പ്രൊ ലീഗിലെ ആദ്യത്തെ മത്സരം കളിച്ചത്. അൽ ഇത്തിഫാഖിനെതിരെ നടന്ന മത്സരത്തിൽ റൊണാൾഡോയുടെ ടീമായ അൽ നസ്ർ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കി. ബ്രസീലിയൻ താരം ടെലിസ്കയാണ് മത്സരത്തിലെ ഗോൾ നേടിയത്. പിഎസ്ജിയോട് നടന്ന മത്സരത്തിലും അൽ നാസറിന്റെ അവസാനത്തെ ഗോൾ താരമാണ് നേടിയത്.
മത്സരത്തിൽ ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും മുപ്പത്തിയെട്ടാം വയസിലും മൈതാനത്ത് നിറഞ്ഞു നിൽക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞു. തന്റെ ഗതകാലത്തെ ഓർമിപ്പിക്കുന്ന നിരവധി സ്കില്ലുകളും ഡ്രിബ്ലിങ്ങുകളും താരത്തിന്റെ ഭാഗത്തു നിന്നും കാണാൻ കഴിഞ്ഞു. ഏതാനും മികച്ച അവസരങ്ങളും താരം മത്സരത്തിൽ സൃഷ്ടിക്കുകയുണ്ടായി. ആദ്യത്തെ മത്സരത്തിൽ തന്നെ ടീമിന്റെ നായകനായാണ് റൊണാൾഡോ ഇറങ്ങിയത്.
മത്സരത്തിൽ തൊണ്ണൂറു മിനുട്ടും കളിച്ച റൊണാൾഡോ 89 ശതമാനം പാസുകളും കൃത്യമായി നൽകിയതിനൊപ്പം രണ്ടു കീ പാസുകളും നൽകി. ഒരു ക്ലിയറൻസും നടത്തിയ താരം പ്രതിരോധത്തെയും സഹായിക്കുകയുണ്ടായി. മത്സരത്തിൽ ഒരു അക്രോബാറ്റിക് ഗോൾ ശ്രമവും റൊണാൾഡോയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. എതിർടീമിന്റെ പ്രതിരോധതാരത്തെ നിലത്തിരുത്തിയ റൊണാൾഡോയുടെ സ്കിൽ ആരാധകർക്ക് ആവേശം നൽകി. മത്സരത്തിന് ശേഷം റൊണാൾഡോയെ നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ അഭിനന്ദിച്ചത്.
Ronaldo debut for Al Nassr 😍💛 pic.twitter.com/dYJRgfTKds
— ilyas (@Lila22436028) January 22, 2023
പുതിയൊരു ലീഗിലെ സാഹചര്യങ്ങളുമായ ഇഴുകിച്ചേരാൻ സമയമെടുക്കുമെന്നത് പരിഗണിക്കുമ്പോൾ റൊണാൾഡോയിൽ നിന്നും ഇതിലും മികച്ച പ്രകടനം വരാനിരിക്കുന്നുവെന്നു തന്നെയാണ് മനസിലാക്കേണ്ടത്. ഇന്നലത്തെ മത്സരത്തിൽ ചെറിയ പിഴവുകൾ താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. എന്നാൽ വരുന്ന മത്സരങ്ങളിൽ അതെല്ലാം പരിഹരിച്ച് താരം ടീമിന്റെ നെടുന്തൂണായി മാറുമെന്നതിൽ സംശയമില്ല. റൊണാൾഡോയുടെ ആദ്യ മത്സരത്തിൽ വിജയം നേടിയ അൽ നസ്ർ ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്താണ്.