പോർച്ചുഗൽ ടീമിലെ തന്റെ ഭാവിയെക്കുറിച്ച് തീരുമാനിക്കാൻ പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനസുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ചർച്ചകൾ നടത്തി. നിലവിൽ സൗദി അറേബ്യയിലുള്ള താരം റിയാദിൽ വെച്ചാണ് അടുത്തിടെ പോർച്ചുഗൽ ടീമിന്റെ മാനേജർ സ്ഥാനമേറ്റെടുത്ത റോബർട്ടോ മാർട്ടിനസുമായി ചർച്ചകൾ നടത്തിയത്. ലോകകപ്പിൽ ഫെർണാണ്ടോ സാന്റോസിനെ പുറത്താക്കിയ ഒഴിവിലാണ് റോബർട്ടോ മാർട്ടിനസ് ടീമിന്റ സ്ഥാനം ഏറ്റെടുത്ത്.
ലോകകപ്പിലെ ചില മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫെർണാണ്ടോ സാന്റോസ് പകരക്കാരനായി ഇറക്കിയിരുന്നു. പോർച്ചുഗൽ പുറത്തായതോടെ ഇക്കാര്യത്തിൽ അദ്ദേഹത്തിനെതിരെ വിമർശനവും ഉയരുകയുണ്ടായി. മാർട്ടിനസ് പരിശീലകസ്ഥാനം ഏറ്റെടുത്തതോടെ ടീമിൽ റൊണാൾഡോക്ക് അവസരം ലഭിക്കുമോ എന്ന ചോദ്യം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്‌പാനിഷ് സൂപ്പർകപ്പ് കാണാൻ റിയാദിലെത്തിയ റോബർട്ടോ മാർട്ടിനസും റൊണാൾഡോയും തമ്മിൽ ചർച്ചകൾ നടന്നത്.
പോർച്ചുഗൽ ടീമിന്റെ പരിശീലകനായതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായൊരു മറുപടി മാർട്ടിനസ് പറഞ്ഞില്ല. ഇത്തരം തീരുമാനങ്ങൾ മൈതാനത്തു വെച്ചാണ് എടുക്കുകയെന്നും റൊണാൾഡോ അടക്കമുള്ള താരങ്ങളുമായി താൻ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയെ പോർച്ചുഗൽ ടീമിന്റെ ഭാഗമാക്കിയുള്ള പദ്ധതികൾ തന്നെയാണ് മാർട്ടിനസിനുള്ളത്. 2024 യൂറോ കപ്പ് വരെ താരം ടീമിനൊപ്പം തുടരാനുള്ള സാധ്യതയുണ്ട്.
Cristiano Ronaldo 'meets new Portugal boss Roberto Martinez to discuss his international future' https://t.co/o6dznU1BhP
— MailOnline Sport (@MailSport) January 19, 2023
പോർച്ചുഗലിനായി 196 മത്സരങ്ങളിൽ നിന്നും 118 ഗോളുകൾ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ്. പോർച്ചുഗൽ ടീമിനൊപ്പം തുടരുന്നതോടെ തന്റെ റെക്കോർഡ് ഇനിയും വർധിപ്പിക്കാൻ റൊണാൾഡോക്ക് അവസരമുണ്ട്. മാർച്ചിൽ ലീഷേസ്റ്റീൻ, ലക്‌സംബർഗ് എന്നീ ടീമുകൾക്കെതിരെയാണ് പോർച്ചുഗലിന്റെ യൂറോ കപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുന്നത്. ഈ മത്സരങ്ങളിൽ റൊണാൾഡോയും ഇറങ്ങാൻ തന്നെയാണ് സാധ്യത.