അന്താരാഷ്ട്ര ഫുട്ബോളിൽ പര്സപരമത്സരം തീവ്രമായി വെച്ചു പുലർത്തുന്ന രണ്ടു ടീമുകളാണ് ബ്രസീലും അർജന്റീനയും. ലാറ്റിനമേരിക്കയിൽ നിന്നുള്ള രണ്ട് ശക്തമായ ടീമുകളാണ് എന്നതിനാൽ തന്നെ ഇവർ തമ്മിലുള്ള പോരാട്ടങ്ങൾക്ക് കൂടുതൽ വീറും വാശിയുമുണ്ട്. എന്നാൽ അതിനൊപ്പം തന്നെ വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിക്കാനും ഈ ടീമിലെ താരങ്ങൾ ശ്രദ്ധിക്കാറുണ്ട്.
അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയപ്പോൾ ബ്രസീലിലെ നിരവധി മുൻ താരങ്ങൾ പിന്തുണയുമായി എത്തിയിരുന്നു. പ്രധാനമായും ലയണൽ മെസി ലോകകപ്പ് വിജയിക്കാനാണ് ഈ താരങ്ങൾ തങ്ങളുടെ പിന്തുണ നൽകിയത്. അതിനു പുറമെ ലോകകപ്പിലെ യൂറോപ്യൻ അപ്രമാദിത്വം അവസാനിപ്പിച്ച് ലാറ്റിനമേരിക്കൻ ടീമുകൾ കിരീടം ചൂടണമെന്ന ആഗ്രഹവും പലർക്കുമുണ്ടായിരുന്നു.
FIFA World Cup: A farewell worthy of a genius, says Brazil legend Ronaldo congratulating Lionel Messi#FIFAWorldCup #ArgentinaVsFrance #Messi𓃵 https://t.co/qhvQCulEls
— India Today Sports (@ITGDsports) December 19, 2022
ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കിരീടം ഉയർത്തിയതിനു പിന്നാലെ ബ്രസീലിയൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കറായ റൊണാൾഡോ ലയണൽ മെസ്സിയെയും അർജന്റീനയെയും അഭിനന്ദിച്ച് രംഗത്തു വരികയുണ്ടായി. നിരവധി ബ്രസീലിയൻ താരങ്ങൾ മെസി കിരീടം നേടണമെന്ന് ആഗ്രഹിച്ചിരുന്നു എന്നാണു റൊണാൾഡോ പറഞ്ഞത്.
“ഇതുപോലെയുള്ള ഫുട്ബോൾ പരസ്പര മത്സരത്തെ ഇല്ലാതാക്കുന്നു. ആവേശകരമായ ഫൈനലിൽ ലോകമെമ്പാടുമുള്ള നിരവധി ബ്രസീലിയൻസ് മെസിക്കായി ആർപ്പു വിളിക്കുന്നത് ഞാൻ കണ്ടു. ലോകകപ്പിലെ ഒരു താരമെന്ന നിലയിൽ മാത്രമല്ല, ഒരു കാലഘട്ടത്തെ തന്നെ നയിച്ച താരമെന്ന നിലയിൽ അർഹിച്ചതാണ് താരത്തിന് ലഭിച്ചത്, അഭിനന്ദനങ്ങൾ മെസി.” റൊണാൾഡോ പറഞ്ഞു.
മെസിയുടെ അടുത്ത സുഹൃത്തും ബ്രസീലിയൻ താരവുമായ നെയ്മറും താരത്തിന്റെയും അർജന്റീനയുടെയും നേട്ടത്തെ അഭിനന്ദിച്ച് രംഗത്തു വന്നിരുന്നു. മുപ്പത്തിയാറു വർഷത്തിനു ശേഷമാണ് അർജന്റീന ലോകകപ്പ് നേടുന്നത്. 2002ൽ ബ്രസീൽ നേടിയതിനു ശേഷം ആദ്യമായാണ് ഒരു സൗത്ത് അമേരിക്കൻ ടീമും ലോകകിരീടം നേടുന്നത്.