ഖത്തർ ലോകകപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വമ്പൻ തുക പ്രതിഫലം നൽകിയുള്ള കരാറിൽ തങ്ങളുടെ ലീഗിലെത്തിച്ച സൗദി അറേബ്യ അതിനു ശേഷം ഈ സമ്മറിൽ യൂറോപ്പിൽ നിന്നും ഒരു വലിയ താരനിരയെ തന്നെയാണ് റാഞ്ചിയത്. റൊണാൾഡോക്ക് പുറമെ നെയ്‌മർ, ബെൻസിമ, ഫിർമിനോ, മാനെ, കൂളിബാളി, മെൻഡി, കാന്റെ തുടങ്ങി നിരവധി വമ്പൻ താരങ്ങളാണ് ഇക്കഴിഞ്ഞ സമ്മറിൽ സൗദി അറേബ്യയിലെ വിവിധ ക്ലബുകളിൽ എത്തിയത്.
യൂറോപ്പിലെ വമ്പൻ താരങ്ങളിൽ പലരും സൗദി അറേബ്യയിലേക്ക് വന്നതോടെ കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്‌തമായി ലീഗിൽ റൊണാൾഡോക്ക് അപ്രമാദിത്വം സ്ഥാപിക്കാൻ കഴിയില്ലെന്നാണ് പലരും കരുതിയത്. നെയ്‌മർ, ബെൻസിമ, ഫിർമിനോ തുടങ്ങിയ താരങ്ങളെല്ലാം ഗോൾവേട്ടയിലും മറ്റും റൊണാൾഡോക്ക് ഭീഷണിയായി മാറുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ സൗദി പ്രൊ ലീഗ് രണ്ടു മാസം പിന്നിടുമ്പോൾ റൊണാൾഡോക്ക് ഭീഷണിയാകാൻ ഈ താരങ്ങൾക്കൊന്നും കഴിയുന്നില്ലെന്നതാണു യാഥാർത്ഥ്യം.
August 🏆 (5G, 2A)
September 🏆 (5G, 3A)Cristiano Ronaldo goes back-to-back for the Saudi Pro League Player of the Month award 😤 pic.twitter.com/cPGVClP9kw
— B/R Football (@brfootball) October 3, 2023
സൗദി പ്രൊ ലീഗ് ഇപ്പോൾ പ്രഖ്യാപിച്ചതു പ്രകാരം സെപ്‌തംബറിൽ ലീഗിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഓഗസ്റ്റിൽ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയതിനു പിന്നാലെയാണ് സെപ്‌തംബറിലും അതെ നേട്ടം പോർച്ചുഗൽ താരത്തെ തേടിയെത്തിയത്. ഓഗസ്റ്റിൽ ലീഗിൽ അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ താരം സെപ്‌തംബറിലും അഞ്ചു ഗോളുകളും മൂന്നു അസിസ്റ്റുകളും നേടിയാണ് അവാർഡ് കരസ്ഥമാക്കിയത്.
Cristiano Ronaldo's all ten goals in the Saudi Pro League. 🔥pic.twitter.com/5KDQKM0sus
— CR7centre (@cr7centre) October 3, 2023
ഇത്രയധികം താരങ്ങൾ യൂറോപ്പിലെ വിവിധ ക്ലബുകളിൽ നിന്നും സൗദിയിലേക്ക് എത്തിയിട്ടും ഇവർക്കൊന്നും റൊണാൾഡോയെ തൊടാൻ കഴിയുന്നില്ലെന്നത് ആശ്ചര്യമാണ്. മുപ്പത്തിയെട്ടുകാരനായ താരം മറ്റുള്ളവരുടെ മുന്നിൽ രണ്ടാമനാകാൻ ഇഷ്‌ടപ്പെടുന്നില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ആ മനോഭാവം ഉള്ളിലുള്ളതിനാൽ തന്നെ ഓരോ മത്സരത്തിലും മികച്ച പ്രകടനം നടത്താനും ഗോളുകൾ നേടാനും ടീമിനെ വിജയിപ്പിക്കാനും താരം തന്റെ സർവവും കളിക്കളത്തിൽ നൽകുന്നു.
സൗദി പ്രൊ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങൾ തോറ്റാണ് അൽ നസ്ർ ഈ സീസൺ തുടങ്ങിയത്. ഇതിൽ ഒരു മത്സരത്തിൽ റൊണാൾഡോ ഇറങ്ങിയിരുന്നില്ല. ഈ രണ്ടു മത്സരങ്ങൾക്ക് ശേഷം നടന്ന ആറു കളികളിലും റൊണാൾഡോയുടെ ടീമായ അൽ നസ്ർ വിജയം സ്വന്തമാക്കി. നിലവിൽ എട്ടു മത്സരങ്ങളിൽ നിന്നും പതിനെട്ടു പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ് അൽ നസ്ർ. എട്ടു മത്സരങ്ങളിൽ നിന്നും ഇരുപതു പോയിന്റുമായി അൽ ഹിലാൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു.
Ronaldo Won Saudi Pro League Player Of September Award