ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് സീസണിന്റെ തുടക്കം നിരാശപ്പെടുത്തുന്ന രീതിയിലായിരുന്നു. പ്രീ സീസൺ മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതിരുന്ന താരം അതിനു ശേഷം അറബ് ചാമ്പ്യൻസ് കപ്പിൽ നടന്ന മത്സരത്തിലും ഗോൾ നേടാൻ പരാജയപ്പെട്ടു. അതും പ്രീ സീസൺ മത്സരങ്ങളുമടക്കം അഞ്ചു കളികളിലാണ് റൊണാൾഡോ ഗോൾ നേടാതിരുന്നത്. താരത്തെയും ആരാധകരെയും സംബന്ധിച്ച് കടുത്ത നിരാശയാണ് ഇത് നൽകിയത്.
എന്നാൽ അറബ് ചാമ്പ്യൻസ് കപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇതിനെല്ലാം റൊണാൾഡോ മറുപടി നൽകുകയുണ്ടായി.ടുണീഷ്യൻ ക്ലബായ യുഎസ് മൊണാസ്റ്റിറിനെതിരെ നടന്ന മത്സരത്തിൽ അൽ നാസറിന് വിജയം നേടിക്കൊടുക്കാൻ നിർണായക പങ്കാണ് താരം വഹിച്ചത്. റൊണാൾഡോ എഴുപത്തിനാലാം മിനുട്ടിൽ നേടിയ തകർപ്പൻ ഹെഡർ ഗോളാണ് സമനിലയിൽ ആയിരുന്ന മത്സരത്തിന്റെ ഗതിമാറി മികച്ച വിജയം സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബിനെ സഹായിച്ചത്.
Ronaldo starting off the new season the best way he knows how: with a headed goal ✈️
(via @AlNassrFC_EN) pic.twitter.com/s2DC5WBJYC
— B/R Football (@brfootball) July 31, 2023
ആദ്യപകുതിയിൽ ടാലിഷ്യയുടെ ഗോളിൽ മുന്നിലെത്തിയ അൽ നസ്ർ രണ്ടാം പകുതിയിൽ സെൽഫ് ഗോൾ വഴങ്ങിയതോടെയാണ് മത്സരം സമനിലയാകുന്നത്. എന്നാൽ മുപ്പത്തിയെട്ടാം വയസിലും മനസിലെ തീ കെട്ടു പോകാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ എഴുപത്തിനാലാം മിനുട്ടിൽ അവതരിച്ചു. സുൽത്താൻ അൽ ഗന്നം നൽകിയ ക്രോസിൽ നിന്നും ഒരു ക്ലോസ് റേഞ്ച് ഹെഡറിൽ വലകുലുക്കിയ താരം അൽ നസ്‌റിനെ മുന്നിലെത്തിച്ചു. അതിനു ശേഷം രണ്ടു ഗോളുകൾ കൂടി നേടി അൽ നസ്ർ മത്സരം സ്വന്തമാക്കി.
മത്സരത്തിൽ വിജയിച്ചതോടെ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിന്റെ ഗ്രൂപ്പ് സിയിൽ റൊണാൾഡോയുടെ അൽ നസ്ർ ഒന്നാം സ്ഥാനത്താണ്. രണ്ടു മത്സരങ്ങളിൽ നാല് പോയിന്റുള്ള അവർക്കൊപ്പം അതെ പോയിന്റുമായി സൗദിയിലെ മറ്റൊരു ക്ലബായ അൽ ശബാബ് തൊട്ടു പുറകിൽ നിൽക്കുന്നു. അടുത്ത മത്സരത്തിൽ കൂടി വിജയം നേടിയാൽ അൽ നസ്റിന് അടുത്ത റൌണ്ട് ഉറപ്പിക്കാൻ കഴിയും. റൊണാൾഡോക്ക് സൗദിയിൽ ആദ്യത്തെ കിരീടം നേടാനുള്ള അവസരം കൂടിയാണിത്.
Ronaldo Scored For Al Nassr In Arab Club Champions Cup