ഏറെ നാളുകളായുള്ള അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നസ്റുമായി കരാർ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇക്കാര്യം ക്ലബ് ഔദ്യോഗികമായി അറിയിച്ചത്. 2025 വരെയാണ് റൊണാൾഡോ സൗദി അറേബ്യൻ ക്ലബുമായുള്ള കരാർ ഒപ്പു വെച്ചിരിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ സമയത്തു തന്നെ റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതപ്പോൾ താരം നിഷേധിച്ചിരുന്നു. എന്നാൽ ആ ട്രാൻസ്ഫർ തന്നെ യാഥാർത്ഥ്യമാകുന്നതാണ് ഫുട്ബോൾ ലോകം ഇപ്പോൾ കാണുന്നത്. ഇതോടെ ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കളിക്കുകയെന്ന റൊണാൾഡോയുടെ ആഗ്രഹം പൂർത്തീകരിക്കാനായില്ല.
മുപ്പത്തിയെട്ടു വയസുള്ള തിയാഗോ സിൽവയും നാല്പത്തിയൊന്നുകാരനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചും ഇപ്പോഴും യൂറോപ്പിലെ ചാമ്പ്യൻ ലീഗ് ക്ലബുകളിൽ കളിക്കുന്ന താരങ്ങളാണ്. അതുകൊണ്ടു തന്നെ മുപ്പത്തിയേഴുകാരനായ റൊണാൾഡോ ക്ലബ് വിട്ടത് താരത്തിന്റെ കരിയറിൽ സംഭവിച്ച വലിയൊരു പരാജയമായി വിലയിരുത്തുന്ന ആരാധകരുമുണ്ട്. റൊണാൾഡോക്കായി യൂറോപ്പിലെ വമ്പൻ ക്ലബുകളൊന്നും രംഗത്തു വന്നില്ലെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ചില ക്ലബുകൾക്ക് താരത്തിൽ താൽപര്യം ഉണ്ടായിരുന്നു. എന്നാൽ റൊണാൾഡോയയുടെ പ്രതിഫലമാണ് അവരെ താരത്തിൽ നിന്നും അകറ്റി നിർത്തിയത്.
യൂറോപ്പിൽ നിന്നും സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറിയെങ്കിലും റൊണാൾഡോ ഒരു പരാജയമല്ലെന്നു തെളിയിക്കുന്നത് താരം ഇപ്പോൾ വാങ്ങുന്ന പ്രതിഫലം തന്നെയാണ്. യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായ ഇരുപത്തിനാലുകാരനായ എംബാപ്പയെക്കാൾ കൂടുതൽ പ്രതിഫലം സൗദി ക്ലബിൽ നിന്നും റൊണാൾഡോക്ക് ലഭിക്കുന്നുണ്ട്. മുപ്പത്തിയെട്ടാം വയസിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി മാറണമെങ്കിൽ അത് റൊണാൾഡോക്ക് ലോകഫുട്ബോളിൽ എത്രത്തോളം സ്വീകാര്യതയുണ്ടെന്നും താരത്തിന്റെ ബ്രാൻഡ് മൂല്യവുമെല്ലാം തെളിയിക്കുന്നു. അതിനെ ഒരിക്കലും കുറച്ചു കാണാൻ കഴിയില്ല.
History in the making. This is a signing that will not only inspire our club to achieve even greater success but inspire our league, our nation and future generations, boys and girls to be the best version of themselves. Welcome @Cristiano to your new home @AlNassrFC pic.twitter.com/oan7nu8NWC
— AlNassr FC (@AlNassrFC_EN) December 30, 2022
ചാമ്പ്യൻസ് ലീഗിൽ കളിക്കുകയെന്ന തന്റെ ആഗ്രഹം നടന്നില്ലെങ്കിലും യൂറോപ്യൻ ഫുട്ബോളിലേക്ക് റൊണാൾഡോ ഒരിക്കലും തിരിച്ചു വരില്ലെന്ന് കരുതാൻ കഴിയില്ല. സ്ലാട്ടൻ ഇബ്രാഹിമോവിച്ച് മേജർ സോക്കർ ലീഗിലേക്ക് ചേക്കേറിയപ്പോൾ താരത്തിന്റെ യൂറോപ്യൻ കരിയർ അവിടെ അവസാനിച്ചുവെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ പിന്നീട് എസി മിലാനിലേക്ക് തിരിച്ചെത്തിയ താരം വളരെക്കാലത്തിനു ശേഷമുള്ള അവരുടെ ലീഗ് നേട്ടത്തിൽ പങ്കാളിയായി. ഇപ്പോൾ പരിക്കിന്റെ പിടിയിലാണെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരു ക്ലബിൽ തന്നെയാണ് നാൽപത്തിയൊന്നാം വയസിൽ സ്ലാട്ടൻ കളിക്കുന്നത്.
OFFICIAL: Cristiano Ronaldo signs for Saudi Arabian side Al Nassr as a free agent 🚨 pic.twitter.com/r83GJpvDlh
— B/R Football (@brfootball) December 30, 2022
പലപ്പോഴും എഴുതിത്തള്ളപ്പെട്ടയിടത്തു നിന്നും ശക്തമായി തിരിച്ചു വന്ന ചരിത്രം ക്രിസ്റ്റ്യാനോ റൊണാൾഡൊക്കുണ്ട്. താരത്തിന്റെ ആത്മവിശ്വാസവും ഇച്ഛാശക്തിയും ലക്ഷ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള കഴിവുമെല്ലാം ഫുട്ബോൾ ലോകം ഒരുപാട് തവണ ചർച്ച ചെയ്തതുമാണ്. അതുകൊണ്ടു തന്നെ റൊണാൾഡോയുടെ സൗദി ട്രാൻസ്ഫർ ഒരിക്കലുമൊരു പരാജയമാണെന്ന് പറയാൻ കഴിയില്ല. കാരണം ഇപ്പോൾ റൊണാൾഡോ ചെയ്തത് താരത്തിന് മാത്രം കഴിയുന്ന കാര്യമാണ്. ഇതിൽ നിന്നും താരം യൂറോപ്പിലേക്ക് വമ്പനൊരു തിരിച്ചുവരവ് നടത്തുമോയെന്ന് കാത്തിരുന്നു കാണേണ്ട കാര്യവും.
Cristiano Ronaldo’s Transfer To Al Nassr Not a Decline In His Career