ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെന്ന് ഉറപ്പായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും ടീമിന്റെ ആദ്യ ഇലവനിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ടില്ല. ഈ സീസണിൽ ആകെ ഒരു മത്സരത്തിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങിയ താരം ഇന്നലെ ലൈസ്റ്റർ സിറ്റിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലും രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. ഇതോടെ ഈ സീസണിൽ എല്ലാ മത്സരങ്ങളിലും റൊണാൾഡോയുടെ സ്ഥാനം ബെഞ്ചിൽ തന്നെയാകുമോയെന്ന് ആരാധകർക്ക് ആശങ്കയുണ്ടെങ്കിലും അതങ്ങിനെയാവില്ലെന്നാണ് പരിശീലകൻ പറയുന്നത്.
ലൈസ്റ്റർ സിറ്റിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനു മുൻപ് റൊണാൾഡോയെ ഒഴിവാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവൻ വെളിപ്പെടുത്തിയപ്പോൾ താരത്തിന്റെ അവസരങ്ങൾ എല്ലായിപ്പോഴും പരിമിതപ്പെടുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു എറിക് ടെൻ ഹാഗ്. “ഇല്ല, കൂടുതൽ മത്സരങ്ങൾ വരുമെന്നിരിക്കെ ടീമിൽ പ്രധാന ചുമതല താരത്തിനുണ്ടാകും. എല്ലാ താരങ്ങൾക്കും അതുണ്ടാകും.” അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ യുനൈറ്റഡിൽ റൊണാൾഡോയുടെ അവസരങ്ങൾ വർധിക്കുമെന്നു തന്നെയാണ് ഇതു വ്യക്തമാക്കുന്നത്.
കഴിഞ്ഞ സീസണിൽ ക്ലബിന്റെ ടോപ് സ്‌കോറർ ആയിരുന്ന റൊണാൾഡോ ആദ്യ ഇലവനിൽ ഇല്ലെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയപാതയിലേക്ക് തിരിച്ചു വരാൻ ആരംഭിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു പ്രീമിയർ ലീഗ് മത്സരങ്ങളിൽ തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ നടന്ന മത്സരത്തിൽ ലൈസ്റ്ററിനെതിരെ നേടിയ വിജയമടക്കം തുടർച്ചയായി മൂന്നു മത്സരങ്ങളിൽ ജയം കുറിച്ചു കഴിഞ്ഞു. ജാഡൻ സാഞ്ചോ നേടിയ ഗോളിൽ നേടിയ വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഏതാനും റെഡ് ഡെവിൾസിന് കഴിഞ്ഞിട്ടുണ്ട്.
🗣 “We have a squad, more than a starting XI”
— Mirror Football (@MirrorFootball) September 1, 2022
🔴 Erik ten Hag has assured Cristiano Ronaldo that his time to start matches for Man Utd will come
👇 More https://t.co/Pf3tmZEpBe
അതേസമയം ക്ലബ് വിടാനുള്ള പദ്ധതികൾ നടക്കാതെ പോയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് ചാമ്പ്യൻസ് ലീഗ് ഇല്ലാത്ത സീസണാണ് ഇത്തവണത്തേത്. സ്പോർട്ടിങ് ലിസ്ബണിൽ പ്രൊഫെഷണൽ കരിയർ ആരംഭിച്ചതിനു ശേഷം എല്ലാ സീസണിലും ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടുള്ള റൊണാൾഡോ ആദ്യമായി ഇത്തവണ യൂറോപ്പ ലീഗിൽ പന്തു തട്ടും. എന്നാൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു കിരീടങ്ങൾ നേടിക്കൊടുക്കാൻ സഹായിക്കാൻ താരത്തിന് കഴിഞ്ഞാൽ അതൊരു മനോഹരമായ നേട്ടമാകുമെന്നുറപ്പാണ്.