മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് ഇന്നലെ ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലും നിരാശയായിരുന്നു ഫലം. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ഗോളുകൾ കണ്ടെത്താൻ മാഞ്ചസ്റ്റർ മുന്നേറ്റനിര പതറിയപ്പോൾ മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. ന്യൂകാസിൽ യുണൈറ്റഡ് താരം ജോലിന്റന്റെ രണ്ടു ഷോട്ടുകൾ പോസ്റ്റിലടിച്ചു പുറത്തു പോയത് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസമായി. പരിക്കേറ്റ ആന്റണി മാർഷ്യൽ പുറത്തിരിക്കുകയും റാഷ്‌ഫോഡ് ആദ്യ ഇലവനിൽ ഇറങ്ങാതിരിക്കുകയും ചെയ്‌ത മത്സരത്തിൽ റൊണാൾഡോ കളിച്ചെങ്കിലും താരത്തിനും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.
അതേസമയം മത്സരത്തിൽ റൊണാൾഡോ നേടി, റഫറി അനുവദിക്കാതിരുന്ന ഗോളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ന്യൂകാസിൽ യുണൈറ്റഡിന് ലഭിച്ച ഫ്രീ കിക്ക് അവരുടെ ഗോൾകീപ്പർ എടുക്കുന്നതിനു മുൻപ് ബോൾ തട്ടിയെടുത്ത റൊണാൾഡോ വല കുലുക്കുകയായിരുന്നു. എന്നാൽ റഫറി പോർച്ചുഗൽ താരം നേടിയ ഗോൾ അനുവദിക്കാൻ തയ്യാറായില്ല. ഇതേതുടർന്ന് റഫറിയുമായി തർക്കിച്ച റൊണാൾഡോക്ക് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്‌തു.
റഫറി ഫ്രീ കിക്ക് എടുക്കാൻ വിസിൽ മുഴക്കിയതിനു ശേഷം ന്യൂകാസിൽ താരം പന്ത് ഗോൾകീപ്പർക്ക് പാസായി നൽകിയെന്നും അപ്പോൾ മുതൽ കാലിയാരംഭിച്ചുവെന്നും കാണിച്ചാണ് റൊണാൾഡോ ഗോൾ അനുവദിക്കാൻ വേണ്ടി വാദിച്ചത്. എന്നാൽ അത് ഫ്രീ കിക്കെടുക്കാൻ വേണ്ടി പന്ത് നൽകിയതാണെന്നു കാണിച്ചാണ് റഫറിയായ സ്റ്റുവർട്ട് ആറ്റ്വെൽ ഗോൾ നിഷേധിച്ചത്. ഗോൾ അനുവദിക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ വാദിച്ചെങ്കിലും അതിൽ റഫറി കുലുങ്ങിയില്ലെന്നു മാത്രമല്ല, കൂടുതൽ വാദിച്ചതിന്റെ പേരിൽ റൊണാൾഡോക്ക് മഞ്ഞക്കാർഡ് നൽകുകയും ചെയ്‌തു.
‘No tengo comentario, TODOS lo han visto’ Erik ten Hag furioso con el árbitro Craig Pawson después de que se anulara el gol de Cristiano Ronaldo cuando pensó que Newcastle ya había lanzado un tiro libre, y Man United también rechazó dos penales. pic.twitter.com/gxqMbW9tsJ
— gilberto caldera (@GilCalder) October 16, 2022
ആ ഗോൾ അനുവദിക്കാൻ കഴിയില്ലെന്നു തന്നെയാണ് മത്സരത്തിനു ശേഷം ന്യൂകാസിൽ പരിശീലകനായ എഡ്ഡീ ഹോവേ പറഞ്ഞത്. ന്യൂകാസിൽ താരമായ ഫാബി ഫ്രീ കിക്ക് എടുത്തിട്ടില്ലെന്നും ഗോൾകീപ്പറായ നിക്ക് പോപ്പെയെ കിക്കെടുക്കാൻ അനുവദിക്കുകയാണ് ചെയ്‌തതെന്നും ഹോവേ പറയുന്നു. അതേസമയം റഫറി വിസിൽ മുഴക്കിയിട്ടുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നു പറഞ്ഞ പരിശീലകൻ മത്സരം വീണ്ടും തുടങ്ങാൻ റഫറി പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ അത് മനസിലാക്കാൻ പ്രയാസമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിൽ സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്. പതിനാറു പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് തൊട്ടു പിന്നിൽ പതിനഞ്ചു പോയിന്റുമായി ന്യൂകാസിലുമുണ്ട്. എന്നാൽ ന്യൂകാസിൽ പത്ത് മത്സരം കളിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒൻപതു മത്സരങ്ങളെ ഇതുവരെ കളിച്ചിട്ടുള്ളൂ.