ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതാപകാലം അവസാനിച്ചുവോയെന്ന ചോദ്യമാണ് ആരാധകർ ഇപ്പോഴുയർത്തിക്കൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമല്ലാത്ത താരത്തിന് ഇന്റർനാഷണൽ ബ്രേക്കിൽ പോർച്ചുഗൽ ടീമിനു വേണ്ടിയും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. ചെക്ക് റിപ്പബ്ലിക്കിനും സ്പെയിനിനുമെതിരായ മത്സരങ്ങളിൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നെങ്കിലും രണ്ടു മത്സരത്തിലും ഗോളോ അസിസ്റ്റോ നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇതോടെ പോർച്ചുഗലിലും റൊണാൾഡൊക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
സ്പെയിനിനെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിനു മുൻപു തന്നെ പോർചുഗലിലെ പ്രധാന മാധ്യമമായ എ ബോല റൊണാൾഡോക്ക് കുറവും പോർച്ചുഗലിന് കൂടുതലും പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എങ്കിലും താരത്തെ ആദ്യ ഇലവനിൽ തന്നെയാണ് പരിശീലകനായ സാന്റോസ് ഇറക്കിയത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒരു സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ സെമി ഫൈനലിൽ ഇടം നേടാൻ കഴിയുമായിരുന്ന പോർച്ചുഗൽ എൺപത്തിയെട്ടാം മിനുട്ടിൽ ഗോൾ വഴങ്ങി ടൂർണമെന്റിൽ നിന്നും പുറത്തു പോവുകയാണുണ്ടായത്.
മത്സരത്തിൽ പോർച്ചുഗൽ തോൽവി നേരിട്ടതോടെ പോർച്ചുഗീസ് ടെലിവിഷനായ ആർടിപി3യിൽ ഫുട്ബോൾ പണ്ഡിറ്റായ തിയാഗോ ഫെർണാണ്ടസ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്യുകയുണ്ടായി. താൻ എത്ര മിനുട്ടുകൾ കളിക്കണമെന്ന കാര്യം റൊണാൾഡോ തന്നെയാണ് തീരുമാനിക്കുകയെന്ന് ആർക്കും മനസിലാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പോർച്ചുഗൽ പരിശീലകനായ സാന്റോസ് റൊണാൾഡോയുടെ കാര്യത്തിൽ ധൈര്യപൂർവം ഒരു തീരുമാനം എടുക്കുകയോ അല്ലെങ്കിൽ റൊണാൾഡോ തന്നെ പുതിയ താരങ്ങൾക്ക് വഴി മാറി നിൽക്കുകയോ വേണമെന്ന ആവശ്യം പോർച്ചുഗലിൽ ഉയർന്നു വരുന്നുണ്ട്.
Cristiano Ronaldo has been SLAMMED by the Portuguese media after his 'disasterclass' against Spain last night. pic.twitter.com/OfzxpS1gZi
— SPORTbible (@sportbible) September 28, 2022
ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന സമയത്ത് റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിനായി തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. പോർചുഗലിനൊപ്പം യൂറോ കപ്പും യുവേഫ നേഷൻസ് ലീഗും നേടാൻ താരത്തിന് കഴിഞ്ഞു. ദേശീയ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന നേട്ടത്തിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന താരമാണെങ്കിലും ഇപ്പോൾ റൊണാൾഡോ നടത്തുന്ന പ്രകടനം ലോകകപ്പ് അടുത്തിരിക്കെ പോർച്ചുഗൽ ടീമിനും ആരാധകർക്കും ആശങ്ക നൽകുന്നതാണ്.
ഗോളുകളും അസിസ്റ്റുകളും നൽകാൻ റൊണാൾഡോക്ക് ഇപ്പോഴും കഴിയുമെങ്കിലും അതു സ്ഥിരതയോടെ നൽകാൻ കഴിയുന്നുണ്ടോയെന്നതു പരിശോധിക്കേണ്ടതു തന്നെയാണ്. മികച്ച താരങ്ങൾ അടങ്ങിയ പോർച്ചുഗൽ ടീമിനെ മോശം ഫോമിലുള്ള താരത്തിന്റെ സാന്നിധ്യം പിന്നോട്ടു വലിക്കുന്നുണ്ടോയെന്ന് സംശയങ്ങൾ ഉയർന്നു കഴിഞ്ഞു. അതേസമയം പരിശീലകനായ ഫെർണാണ്ടോ സാന്റോസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയ്തതു പോലെ താരത്തെ പുറത്തിരുത്താനോ പകരക്കാരനായി പരീക്ഷിക്കാനോ മുതിരുന്നില്ല.
അടുത്തിടെ 2024 യൂറോ വരെ പോർച്ചുഗൽ ടീമിനൊപ്പം തുടരുകയാണ് തന്റെ ലക്ഷ്യമെന്ന് റൊണാൾഡോ വെളിപ്പെടുത്തിയിരുന്നു. നിരവധി റെക്കോർഡുകൾ ഇനിയും തകർക്കാൻ കഴിയുന്ന റൊണാൾഡോ ദേശീയ ടീമിനൊപ്പം തുടരുന്നതിൽ യാതൊരു കുഴപ്പവുമില്ലെങ്കിലും തന്റെ ഫോമിനെക്കുറിച്ചും ടീമിലെ സ്ഥാനം പരിമിതപ്പെടുത്തുന്നതിനെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കിൽ ലോകകപ്പിൽ പോർച്ചുഗൽ തിരിച്ചടി നേരിട്ടാൽ അതു താരത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിലേക്ക് വഴിവെക്കുക തന്നെ ചെയ്യും.