ബ്രസീലിന്റെ ഗോൾമെഷീൻ ജനുവരിയിലെത്തുമെന്ന് ഉറപ്പായി, ബാഴ്‌സലോണയുടെ കിരീടമോഹങ്ങൾക്ക് പുതിയ കരുത്ത് | Barcelona

സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെങ്കിലും കഴിഞ്ഞ സീസണിൽ ലീഗും സൂപ്പർകപ്പും സ്വന്തമാക്കി മികച്ച പ്രകടനം നടത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞിരുന്നു. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്താൻ ടീമിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കി കഴിഞ്ഞ സീസൺ ആവർത്തിക്കില്ലെന്ന ഉറപ്പു നൽകാൻ ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ സീസണിലും മികച്ച പ്രകടനമാണ് ബാഴ്‌സലോണ നടത്തുന്നത്. യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഇതുവരെ തോൽവിയറിയാത്ത എട്ടു ടീമുകളിൽ ഒന്നായ ബാഴ്‌സലോണ സ്പെയിനിൽ അപരാജിതരായി കുതിക്കുന്ന ഒരേയൊരു ടീം കൂടിയാണ്. എങ്കിലും കഴിഞ്ഞ സീസണിലേതു പോലെ പരിക്കിന്റെ തിരിച്ചടികൾ അവർക്ക് ഇതവണയുമുണ്ട്. ലെവൻഡോസ്‌കി, റാഫിന്യ, കൂണ്ടെ, ഫ്രങ്കീ ഡി ജോംഗ്, പെഡ്രി, യമാൽ തുടങ്ങിയ പ്രധാന താരങ്ങളാണ് ഇപ്പോൾ പരിക്കേറ്റു പുറത്തിരിക്കുന്നത്.

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ബാഴ്‌സലോണക്ക് കൂടുതൽ ആവേശകരമായ മറ്റൊരു വാർത്ത തേടിയെത്തിയിട്ടുണ്ട്. ലെവൻഡോസ്‌കിയുടെ പിൻഗാമിയായി ബാഴ്‌സലോണ സ്വന്തമാക്കിയ ബ്രസീലിയൻ സ്‌ട്രൈക്കർ വിറ്റർ റോക്യൂ ജനുവരിയിൽ തന്നെ ടീമിലെത്തുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. പതിനെട്ടുകാരനായ താരം ഈ സീസണിൽ തന്റെ ക്ലബായ അത്ലറ്റികോ പരനെൻസിനു വേണ്ടി മികച്ച പ്രകടനം നടത്തിയെങ്കിലും നിലവിൽ പരിക്കേറ്റു പുറത്തിരിക്കുകയാണ്.

താരത്തിന്റെ ഏജന്റായ ആൻഡ്രൂ കറിയാണ് താരം ബാഴ്‌സലോണയിലേക്ക് വരുമെന്ന കാര്യം വ്യക്തമാക്കിയത്. ജനുവരിയിൽ സ്പൈനിലേക്ക് ചേക്കേറുന്ന കാര്യത്തിൽ താരത്തിനും ബാഴ്‌സലോണക്കും വ്യക്തതയുണ്ടെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്. താരത്തിന്റെ ക്ലബുമായും ഇക്കാര്യത്തിൽ ധാരണയിൽ എത്തിയിട്ടുണ്ടെന്നു പറഞ്ഞ ഏജന്റ് നിലവിൽ താരം പരിക്കിൽ നിന്നും മുക്തനായി വരികയാണെന്നും ഒരു മാസത്തിനുള്ളിൽ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നും വ്യക്തമാക്കി.

ബ്രസീലിയൻ ലീഗിൽ 18 മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ റോക്യൂ പതിനൊന്നു ഗോളും മൂന്നു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ജനുവരിയിൽ താരം ടീമിലെത്തുന്നത് ബാഴ്‌സലോണക്ക് വലിയ കരുത്താണ് സമ്മാനിക്കുക. നിലവിൽ ലെവൻഡോസ്‌കി പരിക്കേറ്റു പുറത്തിരുന്നാൽ അതിനു പകരം മികച്ചൊരു സ്‌ട്രൈക്കർ ബാഴ്‌സലോണക്കില്ല. ആ അഭാവം പരിഹരിച്ച് ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കിരീടങ്ങൾക്കായി പൊരുതാൻ ബാഴ്‌സലോണക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

Vitor Roque Will Join Barcelona In January

FC BarcelonaLa LigaVitor Roque
Comments (0)
Add Comment